മേപ്പാടി: ചൂരൽമലയിൽ മലവെള്ളം ഇരച്ചെത്തിയപ്പോൾ രക്ഷകനായി മുഹമ്മദ് സിനാൻ എന്ന പതിനെട്ടുകാരൻ. വീടിൻ്റെ സീലിങ്ങ് വരെ ചെളിവെള്ളം പുതഞ്ഞപ്പോൾ മരത്തടികളും ചെളിയും വകഞ്ഞു മാറ്റി വീട്ടുകാരെ മുഴുവൻ പുറത്തെത്തിച്ച സിനാൻ അയൽവാസികളായ കുടുംബത്തിനും ജീവിതത്തിലേക്ക് വഴികാട്ടി. ദുരന്തത്തിൽ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഗർഭിണിയായ ബന്ധു അടക്കം മൂന്ന് പേരെയാണ് ഈ കുടുംബത്തിന് നഷ്ടമായത്.
ചൂരൽമല കവലയ്ക്ക് പുറകിലായിരുന്നു ബഷീറിൻ്റെയും കുടുംബത്തിൻ്റെയും വീട്. ദുരന്തം നടന്ന രാത്രിയിൽ കനത്ത മഴയുണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിക്കില്ലെന്ന ശുഭപ്രതീക്ഷയിലാണ് ഈ കുടുംബവും ഉറങ്ങാൻ കിടന്നത്. രാത്രിയിൽ ഇരച്ചെത്തിയ മലവെള്ളത്തിൽ നിന്ന് ജീവൻ രക്ഷപ്പെട്ടത് അദ്ഭുതമെന്നോ ദൈവാനുഗ്രഹമെന്നോ മാത്രമേ പറയാനാവൂവെന്ന് പിഡബ്ല്യുഡി ജീവനക്കാരനായ ബഷീർ പറയുന്നു.
'നല്ല ഉറക്കത്തിലായിരുന്നു വെള്ളം വന്നത്. പൊടുന്നനെ വീട് മുഴുവൻ വെള്ളം നിറഞ്ഞു. സീലിങ് വരെ ഉയർന്നു. ഫാനിൽ പിടിത്തം കിട്ടിയത് രക്ഷയായി. ഭാര്യ ഉടുമുണ്ടിൽ പിടിച്ചു. ഒരു മിക്സിയിൽ സാധനം അടിക്കുന്നത് പോലെയാണ് വെള്ളത്തിൽ കിടന്ന് കറങ്ങിയത്. വീട് പൂർണമായും തകർന്നു. മുന്നിലെ വീട്ടിലാണ് ഉമ്മയും വല്യുമ്മയും സഹോദരിയും ഉണ്ടായിരുന്നത്. സഹോദരി ഗർഭിണിയായിരുന്നു. അവരെ മൂന്ന് പേരെയും കിട്ടിയില്ല,'- ബഷീർ പറഞ്ഞു.
ഒരുപാട് ചളിവെള്ളം കുടിച്ചുവെന്ന് ബഷീറിൻ്റെ ഭാര്യ സൂഫി പറഞ്ഞു. ശബ്ദം തിരിച്ച് കിട്ടിയതേയുള്ളൂ. ഉറക്കമുണർന്നപ്പോൾ മണ്ണിൻ്റെ പുഴ മാത്രമാണ് മുന്നിലുണ്ടായത്. ഉറങ്ങാൻ കഴിയുന്നില്ല. താത്താൻ്റെയും ഉമ്മാൻ്റെയും ചിരിയും മണ്ണ് നിറഞ്ഞ പുഴയുമാണ് മനസിൽ. മകൻ്റെ ധൈര്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്,'- സൂഫി പറഞ്ഞു.
ദുരന്തം പാഞ്ഞെത്തിയ പുഴയിൽ നീന്തൽ പഠിച്ചതാണ് സിനാൻ. ഫയൽ ഫോഴ്സിൽ ചേരണമെന്ന ആഗ്രഹവുമായി നടക്കുന്ന സിനാൻ മുങ്ങിനീന്തുന്നതിൽ വിദഗ്ദ്ധനുമാണ്. അതായിരുന്നു കൈമുതലും ധൈര്യവും. മുറികൾക്കുള്ളിൽ നിന്ന് വീട്ടുകാരെ പുറത്തെത്തിച്ചത് സിനാനായിരുന്നു. അപ്പോഴാണ് അടുത്ത വീട്ടിലെ സ്ത്രീയും കുഞ്ഞും സീലിങിൽ പിടിച്ച് നിൽക്കുന്നത് കണ്ടത്. അവരോട് ടെറസിലേക്ക് കയറി നിൽക്കാൻ പറഞ്ഞതും സിനാനായിരുന്നു. പിന്നീട് ഈ കുടുംബത്തെയും സുരക്ഷിതമായി മാറി. എന്തോ ഒരു ധൈര്യം അവിടെ തോന്നി. അതുകൊണ്ട് മാത്രം ഇവരെ നഷ്ടപ്പെട്ടില്ലെന്നും സിനാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Post a Comment