വയനാട്: ചൂരൽ മലയിലെ ഉരുൾ എടുത്ത ഭൂമിയിൽ 16 ദിവസങ്ങൾക്ക് ശേഷം അനീഷ് തിരിച്ചെത്തി. ഉരുൾപൊട്ടലിൽ തനിക്ക് നഷ്ടമാക്കിയത് ഒക്കെയും ഒരിക്കൽ കൂടെയെങ്കിലും കാണാൻ എത്തിയ അനീഷ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് മടങ്ങിയത്.
ചൂരൽ മലയിലെ ഉരുൾപൊട്ടൽ അനീഷിനെയും ഭാര്യയും മാത്രമാണ് ബാക്കി വെച്ചത്. ഉരുൾപൊട്ടലിന് അവസാനം ചേതനയറ്റ രണ്ട് മക്കളുടെ മൃതദേഹം അനീഷിന് ഏറ്റുവാങ്ങേണ്ടി വന്നു. മൂന്ന് മക്കളിൽ ഒരാളെയും അമ്മയെയും ഇനിയും കണ്ടെത്താനായില്ല. ദുരന്തം ഏൽപ്പിച്ച പരിക്കുകളുടെ വേദനയെക്കാൾ വലുതാണ് മനസ്സിനെറ്റത്. ആ നീറ്റൽ അടക്കിപ്പിടിച്ച് അനീഷ് വീണ്ടും ചൂരൽമല കയറി. വീട് നിന്നിടത്ത് തറയുടെ ശേഷിപ്പുകൾ മാത്രമാണ് ബാക്കി. കാണാതായ മകൻ എവിടെയോ തന്നെ വിളിക്കുന്നു എന്ന തോന്നലാണ് ഇപ്പോഴുമെന്ന് ഇടറുന്ന വാക്കുകളോടെ അനീഷ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. ഭാര്യയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകാതെ കുഴങ്ങുകയാണ് അനീഷ്. ഉള്ളതെല്ലാം സ്വരുക്കൂട്ടി ഉണ്ടാക്കിയ ജീപ്പ് ഇരുമ്പ് കഷ്ണമായി മാറി. ആകെയുള്ള വീടും സമ്പാദ്യവും അല്പം പോലും ബാക്കിയില്ലാതെ കുത്തിയൊലിച്ച് എത്തിയ പുഴയെടുത്തു. ഒരായുസ്സിൽ ഓർമ്മിക്കാൻ കഴിഞ്ഞകാലത്തെ മക്കളുമൊത്തുള്ള ഓർമകൾ മാത്രമാണ് അനീഷിനും ഭാര്യക്കും ബാക്കിയായുള്ളത്. അതുമാത്രമെടുത്ത് അനീഷ് മലയിറങ്ങുകയാണ്.
Post a Comment