Join News @ Iritty Whats App Group

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ഇതുവരെ രക്ഷപ്പെടുത്തിയത് 1592 പേരെ; 191 പേരെ കാണാനില്ല; ഉള്ളുപൊട്ടി മുണ്ടക്കൈ, ചൂരല്‍മല മലയോരം


വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ വന്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ പുരോഗമിക്കുന്നു. വൈകിട്ട് നാലു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 1592 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.

ദുരന്ത മേഖലയില്‍നിന്നു പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുന്നുണ്ട്.

ദുരന്തമുണ്ടായി ചുരുങ്ങിയ സമയത്തിനുള്ളില്‍ 1592 പേരെ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങിപ്പോയവരുമായ 1386 പേരെ തുടര്‍ന്നുള്ള രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിച്ചു. ഇതില്‍ 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിച്ചു. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വയനാട് ജില്ലയിലാകെ നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 ആളുകളാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയില്‍ 8 ക്യാമ്പുകളാണ് ഉള്ളത്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേര്‍ ഈ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുകയാണ്.

മുണ്ടക്കൈ ചെറാട്ട്കുന്ന് കോളനിയില്‍ 32 പേരില്‍ 26 പേരെ കണ്ടെത്തി. ഇതില്‍ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. മേപ്പാടി പോളിടെക്‌നിക്കില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരല്‍മലയിലെ മദ്രസയിലും പള്ളിയിലും താല്‍ക്കാലിക ക്ലിനിക് തയാറാക്കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കൂടുതല്‍ ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. രാവിലെ കിട്ടിയ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഓരോ അര മണിക്കൂര്‍ ഇടവിട്ട് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി വരുന്നു. പുഴയിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെത്തുന്ന മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സജ്ജീകരണങ്ങളും പ്രവര്‍ത്തനനിരതമാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനെത്തുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമൊരുക്കി. ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയില്‍ ജനിതക പരിശോധനയ്ക്കായി സാമ്പിളുകളെടുക്കുന്നുണ്ട്.

എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്ധരുടേയും കൗണ്‍സിലര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവരെ നേരിട്ട് സന്ദര്‍ശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം 24 മണിക്കൂറാക്കി. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീം വയനാട്ടിലേക്ക് എത്തി. സര്‍ജറി, ഓര്‍ത്തോപീടിക്‌സ്, കാര്‍ഡിയോളജി, സൈക്കാട്രി, ഫോറെന്‍സിക് വിഭാഗങ്ങളിലെ ഡോക്ടമാരെയും നഴ്‌സുമാരെയും അധികം നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘത്തെയും നിയോഗിച്ചു.

രക്ഷപ്പെട്ടു വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്റ് സൗകര്യമൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കും. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉള്‍പ്പെടെ നാല് സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വരാന്‍ തയ്യാറായിരിക്കുകയാണ്.

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റില്‍ വെള്ളം വിതരണം ചെയ്യാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തും. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരല്‍മലയില്‍ ജെസിബി നില്‍ക്കുന്ന സ്ഥലം മുതല്‍ കണ്‍ട്രോള്‍ റൂം വരെ ആവശ്യത്തിന് വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group