Join News @ Iritty Whats App Group

ചെറുപുഴ പുളിങ്ങോം വില്ലജിൽ 15 കുടുംബങ്ങള്‍ക്ക് കര്‍ണാടക വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ്

ചെറുപുഴ: പുളിങ്ങോം വില്ലേജ് പരിധിയിലെ മീന്തുള്ളി റവന്യൂവില്‍ താമസിക്കുന്ന 15 കുടുംബങ്ങള്‍ക്ക് കര്‍ണാടക വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ്.

കര്‍ണാടക വനാതിര്‍ത്തിക്കും കാര്യങ്കോട് പുഴക്കുമിടയിലെ ഈ പ്രദേശത്ത് പതിറ്റാണ്ടുകളായി വീടുവെച്ചും കൃഷിചെയ്തും താമസിക്കുന്നവര്‍ക്കാണ് ഒഴിഞ്ഞുപോകണമെന്നു കാണിച്ച്‌ കഴിഞ്ഞ ദിവസം മുതല്‍ നോട്ടീസ് നല്‍കിത്തുടങ്ങിയത്.

കര്‍ണാടക വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൈയേറിയതാണെന്നും ഉടന്‍ ഒഴിഞ്ഞുപോകാത്തവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. കന്നടയില്‍ തയാറാക്കിയ നോട്ടീസുമായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിയത്. ഏതാനും വീട്ടുകാര്‍ നോട്ടീസ് കൈപ്പറ്റാന്‍ തയാറായില്ല. 

1937ല്‍ കര്‍ണാടകയുമായി അന്നത്തെ മദിരാശി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ചൂണ്ടിക്കാട്ടി 1999ലും കര്‍ണാടക വനംവകുപ്പ് സമാനമായ നീക്കം നടത്തിയിരുന്നു. അന്ന് കേരള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കര്‍ണാടകയുടെ നീക്കത്തിനെതിരെ ഒരു നടപടിക്കും മുതിര്‍ന്നില്ല. ചെറുപുഴ പഞ്ചായത്തിന്റെ വീട്ടുനമ്ബറും റേഷൻ കാര്‍ഡും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുമുള്ളവരാണ് മീന്തുള്ളി റവന്യൂവിലെ താമസക്കാരെല്ലാം. ഇവരുടെ ഭൂമിക്ക് പട്ടയമില്ല. 

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനാല്‍ ഏതാനും വീട്ടുകാര്‍ താമസം മീന്തുള്ളി ഭാഗത്തേക്ക് മാറ്റി. എന്നാല്‍, ഇവരെല്ലാം കൃഷിഭൂമി നിലനിര്‍ത്തുകയും നിലവിലെ വീട് അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുവരുകയുമാണ്. മറ്റൊരിടത്തേക്ക് താമസം മാറ്റാന്‍ പറ്റാത്തവര്‍ കാട്ടാനശല്യത്തിനിടയിലും ഇവിടെ കഴിയുന്നുണ്ട്. 

ചെറുപുഴ കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കുമിടയിലെ ആറാട്ട് കടവില്‍ താമസിക്കുന്ന 13 കുടുംബങ്ങളെയും കുടിയിറക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ കാട്ടാനശല്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് കേരള സര്‍ക്കാര്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച്‌ പെരിങ്ങോം വില്ലേജില്‍ ഭൂമിയും വീടും നല്‍കി. 

വീട് നിര്‍മാണം പൂര്‍ത്തിയാകുന്നമുറക്ക് ഇവരെ മാറ്റിത്താമസിപ്പിക്കുമെന്നതിനാല്‍ ഇത്തവണ കര്‍ണാടക ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല. മീന്തുള്ളി റവന്യൂവിലുള്ളവരെ കുടിയൊഴിപ്പിക്കുന്നതോടെ കേരളം കൈവശംവെച്ചിരുന്ന ഏക്കർകണക്കിന് അതിര്‍ത്തിപ്രദേശം സ്വമേധയാ കര്‍ണാടക വനംവകുപ്പിന്റെ കൈവശമാകും. ഫലത്തില്‍ കാര്യങ്കോട് പുഴ കടന്ന് കാട്ടാനകള്‍ മീന്തുള്ളി, കോഴിച്ചാല്‍, ഇടവരമ്ബ, പുളിങ്ങോം തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറാന്‍ ഇതിടയാക്കും.

Post a Comment

Previous Post Next Post
Join Our Whats App Group