Join News @ Iritty Whats App Group

'കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദി, അസമിലേക്ക് തിരിച്ച് പോകും': 13കാരിയുടെ കുടുംബം

തിരുവനന്തപുരം: വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ 13കാരിയുടെ മാതാപിതാക്കൾ. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാതാപിതാക്കൾ. 

അതേസമയം, കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാനാണ് പൊലീസിൻ്റെ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആ‍ർപിഎഫിന്‍റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്‍ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് കൗൺസലിം​ഗ് കൊടുക്കും. അതേസമയം, കുട്ടിയെ വിമാനാർ​ഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കുട്ടിയെ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിയ്ക്കുള്ളത്.

Post a Comment

Previous Post Next Post