Join News @ Iritty Whats App Group

റഷ്യന്‍ സൈന്യത്തിനുനേരേ ഷെല്ലാക്രമണം, പെട്രോളിങ് സംഘത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു ; മരണമടഞ്ഞവരില്‍ തൃശൂര്‍ സ്വദേശിയും, മൃതദേഹം റഷ്യന്‍ മലയാളി അസോസിയേഷന്‍ തിരിച്ചറിഞ്ഞു

തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശുര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാ(36)ണു മരിച്ചത്. എംബസിയില്‍നിന്നുള്ള ഒൗദ്യോഗിക സ്ഥിരീകരണം ഇന്ന് ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു.

സന്ദീപ് ഉള്‍പ്പെടെ റഷ്യന്‍ സൈനിക പെട്രോളിങ് സംഘത്തിലെ 12 പേരാണ് റൊസ്‌തോവിലുണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞതായും വീട്ടില്‍ ലഭിച്ച അറിയിപ്പില്‍ പറയുന്നു.

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്‌റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു.

പിന്നീട് വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്‌നം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

റഷ്യന്‍ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാല്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. റഷ്യയിലെ റൊസ്‌തോവില്‍ സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരേ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിവരം നാട്ടിലറിയുന്നത്.

സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കര്‍, സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. നോര്‍ക്ക വഴി റഷ്യയിലെ ഇന്ത്യന്‍ എംബസിയിലും ബന്ധുക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group