അയോധ്യ: 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ മൂന്ന് കോടി രൂപ വില വരുന്ന ഷോപ്പിങ് മാൾ പൊളിച്ചുനീക്കി. ഉത്തർപ്രദേശിൽ അയോധ്യയിലാണ് സംഭവം. ജില്ലാ ഭരണകൂടമാണ് ഷോപ്പിങ് കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. 4 മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചാണു കെട്ടിടം പൊളിച്ച് നീക്കിയത്. 4,000 ചതുരശ്ര അടിയുള്ള ഷോപ്പിങ് കോംപ്ലക്സ് എട്ടു വർഷം മുമ്പാണ് നിർമിച്ചത്. അയോധ്യയിലെ ഭദർസ പട്ടണത്തിൽ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65) ജോലിക്കാരൻ രാജു ഖാനെയും പീഡനക്കേസിൽ കഴിഞ്ഞമാസം 30ന് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ടു മാസം മുൻപ് പന്ത്രണ്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസ്. മൊയ്ത് ഖാൻ സമാജ്‌വാദി പാർട്ടിക്കാരനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. മൂന്നാഴ്ച മുൻപ്, ഇയാളുടെ 3,000 ചതുരശ്ര അടിയുള്ള ബേക്കറി കെട്ടിടവും അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചിരുന്നു. സംസ്ഥാന പീഡനത്തിന് ഇരയായി ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്തി. 25ലേറെ പൊലീസുകാരുടെ സുരക്ഷയിലാണു പെൺകുട്ടി കഴിയുന്നത്. ഉത്തർപ്രദേശിൽ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കേസാണിത്.
Post a Comment