Join News @ Iritty Whats App Group

വയനാട് ഉരുൾപൊട്ടൽ; കാണാതായവരുടെ കരട് പട്ടിക പുതുക്കി, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഡിഎൻഎ ഫലം കിട്ടി തുടങ്ങിയതോടെ കൂടുതൽ പേരുടെ കാര്യത്തിൽ സ്ഥിരീകരണം വന്നതോടെയാണ് പട്ടിക പുതുക്കിയത്. ഇതോടെ എണ്ണം കുറയുകയായിരുന്നു. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 119 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഏറെ കഠിനാധ്വാനത്തിന് ഒടുവിലാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് ഒരു കരട് പട്ടിക തയ്യാറാക്കിയത്. ജില്ലാ ഭരണകൂടം, പോലീസ്, തൊഴിൽ, ആരോഗ്യ വകുപ്പുകൾ, പഞ്ചായത്ത്, സ്‌കൂൾ അധികൃതർ, അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് കാണാതായവരുടെ കരട് പട്ടിക തയ്യാറാക്കിയത്.


മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡുകളിലെ റേഷൻ കാർഡ് വിവരശേഖരണത്തോടെ ആരംഭിച്ച കരട് പട്ടിക തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അസിസ്‌റ്റന്റ് കളക്‌ടർ എസ് ഗൗതം രാജ് നേതൃത്വം നൽകി. ലേബർ ഓഫീസിൽ നിന്ന് അതിഥി തൊഴിലാളികളുടെ ഉൾപ്പെടെ വിവരശേഖരണം നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.

തുടർന്ന് പലയിടത്ത് നിന്നായി ശേഖരിച്ച വിവരങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോൾ സെന്ററിൽ നിന്നുള്ള വിവരങ്ങളോടൊപ്പം ക്രോഡീകരിച്ചു കൊണ്ടാണ് പട്ടിക തയ്യാറാക്കിയത്. ശേഷം ക്യാമ്പുകളിൽ കഴിയുന്നവരുടെയും മൃതദേഹം കണ്ടെടുത്തവരുടെയും പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഈ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്.

അതേസമയം, ഉരുൾപൊട്ടൽ ബാധിത മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്. മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലുമായാണ് തിരച്ചിൽ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ നടന്ന തിരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ ചൊവ്വാഴ്‌ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ അധ്യയനം പുനരാരംഭിക്കാനുമാണ് സർക്കാർ തീരുമാനം. 10 സ്‌കൂളുകൾ നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.

നാനൂറിലധികം കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സമഗ്രമായ പുനരധിവാസ പദ്ധതികൾ പിന്നീടായിരിക്കും പ്രഖ്യാപിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group