തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ യാത്രക്കാരനായ യുവാവിന്‍റെ ആക്രമണം. യുവാവ് സ്വയം ബ്ലേഡ് കൊണ്ട് ദേഹത്ത് മുറിവേല്‍പ്പിച്ചശേഷം വായില്‍ ബ്ലേഡ് കടിച്ചുപിടിച്ച് മറ്റൊരു യാത്രക്കാരനെയും ആക്രമിച്ചു. തൃശൂര്‍ തളിക്കുളത്ത് വെച്ചാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന്‍റെ ആക്രമണം ഉണ്ടായത്. തളിക്കുളം സ്വദേശി ഫാസിലാണ് ബ്ലേഡ് കൊണ്ട് മുഖത്തും ദേഹത്തും സ്വയം മുറിവേല്‍പ്പിച്ച് മറ്റൊരു യാത്രക്കാരനെ ആക്രമിച്ചത്.
ചേർത്തലയിൽ നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെള്ളിയാഴ്‌ച്ച രാത്രിയോടെയായിരുന്നു സംഭവം. ഫാസിലിനെയും ആക്രമിക്കപ്പെട്ട ഗുരുവായൂര്‍ മമ്മിയൂർ സ്വദേശി സാബു കെ ശങ്കരനെയും ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ഇരയായ സാബുവിന്‍റെ മുഖത്താണ് പരിക്കേറ്റത്. കഴുത്തിനും മുഖത്തിനുമായി 43 സ്റ്റിച്ചുണ്ട്. സാബുവിന്‍റെ ഇരുചെവികള്‍ക്കും മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ ഫാസിലിനെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു.
അക്രമി ബസിന്‍റെ മുൻവശത്തെയും ഡോറിന് മുകളിലത്തെയും ചില്ലും തകർത്തു. തൃപ്രയാറിൽ നിന്നും ബസിൽ കയറിയതായിരുന്നു സാബു. തളിക്കുളം പത്താംകല്ലിൽ നിന്നാണ് ഫാസില്‍ ബസില്‍ കയറിയത്. സ്ത്രീകളുടെ സീറ്റിലിരുന്ന ഇയാളോട് പിറകിലേക്ക് മാറിയിരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടറെ ഇയാൾ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് വിവരം.
Post a Comment