തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക്‌ലിസറ്റ് ഹാജരാക്കി ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതിക്കെതിരേ ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി നേടിയത്. ബി.ഫാം പരീക്ഷയില്‍ വിജയിച്ച മറ്റൊരു വിദ്യാർത്ഥിനിയുടെ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ചാണ് ഇവര്‍ ജോലി നേടിയത്. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുവേണ്ടി ആശുപത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കേരള ആരോഗ്യ സര്‍വകലാശാലയിലേക്ക് അറിയിക്കുകയായിരുന്നു.
ആരോഗ്യ സർവകലാശാല നടത്തിയ പരിശോധനയിലാണ് മാര്‍ക്ക്‌ലിസ്റ്റ് വ്യാജമാണെന്ന് കണ്ടത്. തിരുവനന്തപുരത്ത് പഠിച്ചിരുന്ന യുവതി പരീക്ഷയിൽ തോറ്റതാണെന്നും എന്നാൽ അതേ കോളജില്‍ നിന്നു തന്നെ വിജയിച്ച മറ്റൊരു വിദ്യാർത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് ജോലി നേടുകയായിരുന്നു എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ സര്‍വകലാശാല റജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിക്ക് യൂണിവേഴ്‌സിറ്റിയുടെ ലെറ്റര്‍ പാഡും സീലും വച്ചുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കേരളത്തില്‍നിന്നാണോ, മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നിന്നാണോ എന്നുള്ള അന്വേഷണം വേണ്ടിവരും. വ്യാജ മാര്‍ക്ക് ഷീറ്റുകളും സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ച് നല്‍കുന്ന വലിയ സംഘം തന്നെ ഇതിനു പിന്നില്‍ ഉണ്ടായിരിക്കുമെന്നുള്ള നിഗമനത്തിലാണ് പോലീസ്. ആരോഗ്യ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഒറിജിലിനെ വെല്ലുന്നതാണ്. സര്‍വകലാശാല ജീവനക്കാര്‍ തന്നെ അതുകണ്ട് ഞെട്ടിയിരിക്കുകയാണ്. 2019ലാണ് യുവതി തിരുവനന്തപുരത്ത് പഠിച്ചിരുന്നത്. 2021ലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.
Post a Comment