Join News @ Iritty Whats App Group

‘ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തല്ല വിഴിഞ്ഞം പദ്ധതി തുടങ്ങിയത്, ആദ്യം കമ്മിറ്റിയെ നിയോഗിച്ചത് ഇ.കെ നായനാർ സർക്കാർ’; മന്ത്രി വി.എൻ വാസവൻ


ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് മന്ത്രി വി എൻ വാസവൻ. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വന്ന എ കെ ആന്റണി സർക്കാർ ടെൻഡർ കൊടുത്തില്ലെന്നും
വിഎസ് അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ കൊടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർവഹിച്ചത് പിണറായി സർക്കാരാണെന്നും അദ്ദേഹ വിശദീകരിച്ചു.

അതേസമയം കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാളെ കൂറ്റൻ മദർഷിപ് അടുക്കും. ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ആറുമണിയോടെ ബർത്തിൽ അടുക്കും. കപ്പൽ ഇന്ന് അർധരാത്രി തന്നെ പുറംകടലിൽ എത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം.

ചരക്കുനിറച്ച 2000 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ അടുക്കുന്നത്. ഇന്ന് പുറംകടലിൽ എത്തുമെങ്കിലും ബർത്തിൽ അടുക്കാൻ നാളെ രാവിലെ ആറുമണിയാകും. ഒരു ദിവസം കപ്പലിന് വിശ്രമം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മദർഷിപ്പിന് വൻ സ്വീകരണം. ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകും. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും, വിസിൽ അധികൃതരും ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ട്രയൽ റണ്ണിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ വരെ നിരവധി മദർഷിപ്പുകളും, ഫീഡർഷിപ്പുകളും ചരക്കുനീക്കത്തിന് വിഴിഞ്ഞത്ത് എത്തും.

Post a Comment

Previous Post Next Post
Join Our Whats App Group