Join News @ Iritty Whats App Group

'അർജനായുള്ള തെരച്ചിൽ നിർത്തരുത്, എല്ലാവരുടേയും പിന്തുണ ഇനിയും വേണം'; അർജുൻ്റെ സഹോദരി അഞ്ജു

കോഴിക്കോട്: ഷിരൂരിൽ കാണാതായ അർജനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു. 

അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചിൽ തുടരണം. അവർ ഇപ്പോൾ പിൻ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു. 

അതിനിടെ, അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചു. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടരാനുള്ള തീരുമാനം. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. നദി അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തുടര്‍ നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. 24 മണിക്കൂറിനകം ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാമെന്ന് എം വിജിന്‍ എംഎല്‍എ പറഞ്ഞു. എന്നാൽ പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ മറുപടി. 

കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ 21ാം തീയതി വരെ ഇവിടെ മഴ പ്രവചനമുണ്ട്. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎല്‍എ പറയുന്നത്. 

രക്ഷാദൌത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group