Join News @ Iritty Whats App Group

പേരക്കുട്ടിയെ നെഞ്ചോട് ചേർത്ത് മരണത്തിലേക്ക്; രക്ഷാപ്രവര്‍ത്തകരുടെ കണ്ണുനനയിച്ച് രാജേശ്വരിയും ജ്ഞാനപ്രിയയും


തൃശൂര്‍: മണ്ണിടിച്ചില്‍ പ്രാണനെടുത്തപ്പോഴും പേരക്കുട്ടിയെ മഴവെള്ളപ്പാച്ചലിന് വിട്ടുകൊടുക്കാതെ നെഞ്ചോട് ചേര്‍ത്തുവച്ച് രാജേശ്വരി. പേരക്കുട്ടി ജ്ഞാനപ്രിയയെ ചേര്‍ത്ത് പിടിച്ച് കിടന്ന രാജേശ്വരി രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ കണ്ണുകള്‍ പോലും ഈറനണിയിച്ചു. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപത്തെ ചെക്ക് പോസ്റ്റിനോട് ചേര്‍ന്നുള്ള മുക്കം റോഡിലെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. തിങ്കള്‍ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. 

മണ്ണിടിച്ചിലില്‍ അറുമഖത്തിന്റെ ഭാര്യ രാജേശ്വരി (58), പേരക്കുട്ടി ജ്ഞാനപ്രിയ (15)എന്നിവരാണ് മരിച്ചത്. ഇരുവരുടേയും വേര്‍പാട് അതിര്‍ത്തി പങ്കിടുന്ന ഇരുഗ്രാമവാസികളേയും ദു:ഖത്തിലാക്കി. സമീപത്തെ കെട്ടിടത്തിലെ കാവലിനുപോയ അറുമുഖന്‍ മഴ കനത്തപ്പോള്‍ രാജേശ്വരിയേയും ജ്ഞാനപ്രിയയേയും ജോലിസ്ഥലത്തേക്ക് ക്ഷണിച്ചു. ജോലി നോക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തങ്ങാമെന്ന് അറുമഖന്‍ പറഞ്ഞെങ്കിലും രാജേശ്വരി തയാറായിരുന്നില്ല. തോട്ടം തൊഴിലാളിയായ രാജേശ്വരിക്ക് രാവിലെ ജോലിക്ക് പോകണം. ഭക്ഷണം തയാറാക്കി പേരക്കുട്ടിയെ സ്‌കൂളിലേക്ക് വിടണം. അമ്മയുടെ ഉത്തരവാദിത്വം കൂടിയുള്ള രാജേശ്വരിക്ക് അറുമുഖനൊപ്പം പോകാന്‍ മനസുവന്നില്ല. 

മഴ കനത്തപ്പോള്‍ ചെറുമകളെ രാജേശ്വരി നെഞ്ചോട് ചേര്‍ത്തുപിടിച്ചു. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണപ്പോഴും പിടിവിടാതെ കാത്തുവച്ചു. ചൊവ്വ രാവിലെ അറുമുഖന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മണ്‍കൂനകള്‍ക്ക് മുകളില്‍ രാജേശ്വരിയുടെ കൈ കണ്ടതോടെ തെരച്ചില്‍ അവിടെക്കാക്കി. രാജ്വേശ്വരിയേയും ജ്ഞാനപ്രിയയേയും പുറത്തെടുത്തു. അറുമുഖന്റെ മകള്‍ സുഗുണയ്ക്ക് എറണാകുളത്ത് ജോലി കിട്ടിയതോടെയാണ് മകളെ അമ്മ രാജേശ്വരിക്കടുത്താക്കിയത്. അപ്പര്‍ ഷോളയാര്‍ ഡാം സമീപത്തെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്ഞാനപ്രിയ.

Post a Comment

Previous Post Next Post
Join Our Whats App Group