ഇരിട്ടി നഗരസഭ അങ്കണവാടി വര്‍ക്കര്‍ റാങ്ക് ലിസ്റ്റ്; നഗരസഭാ യോഗത്തില്‍ വന്‍ ബഹളം
ഇന്നലെ കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ മറ്റെല്ലാ അജണ്ടകളും മാറ്റിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത് ചെയര്‍പേഴ്‌സണ്‍ തള്ളിയതോടെയാണ് ബഹളം ആരംഭിച്ചത്.
ഉദ്ധ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുടെ പേരുകള്‍ നല്‍കിയത് കൗണ്‍സില്‍ യോഗം അറിയാതെയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തിയിട്ടുമതി മറ്റു കാര്യങ്ങളിലേക്ക് കടക്കലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അജണ്ട അംഗീകരിച്ചതിനുശേഷം മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത അംഗങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. നടുക്കളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതിനിടയില്‍ അജണ്ട അംഗീകരിച്ചതായി പ്രഖ്യാപിച്ച ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ വിട്ടു. ഭരണ പക്ഷം സഭവിട്ടിട്ടും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.
യു.ഡി.എഫ.് അംഗങ്ങള്‍ ഏറെനേരം നടുക്കളത്തില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും റാങ്ക് ലിസ്‌റ്റിന്റെ പകര്‍പ്പ് കീറി എറിയുകയും ചെയ്‌തു. ഇതിനിടയില്‍ മറ്റ് പ്രതിപക്ഷ കക്ഷികളായ എസ്.ഡി.പി.ഐയും ബി.ജെ.പിയും ചെയര്‍മാന്റെയും ഭരണ സമിതി അംഗങ്ങ ളുടേയും പിന്നാലെ എത്തി ചെയര്‍ പേഴ്‌സന്റെ മുറിയിലും പ്രതിഷേധിച്ചു. ഇത് ഭരണ കക്ഷി അംഗങ്ങളുമായി ഏറെ നേരം വാക്കേറ്റവും ഉണ്ടായി. അങ്കണവാടി നിയമന ലിസ്‌റ്റുമായി ബന്ധപ്പെട്ട കാര്യം കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടാത്തതിനാലാണ് അജണ്ടക്കുശേഷം മറ്റുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷത്തെ അറിയിച്ചത്.
യോഗം തുടങ്ങുന്നതിന് മുന്‍പാണ് ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം കത്ത് നല്‍കിയത്. അത് അംഗീകരിക്കാന്‍ കഴിയില്ല. നഗര സഭയുടെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും മറ്റ് പ്രധാന വിഷയങ്ങളും അടിയന്തരമായി തീരുമാനിക്കുന്നതിന് വേണ്ടിയാണ് അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഈ വിഷയം മാറ്റിവെച്ചുകൊണ്ട് അങ്കണവാടി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പറയുന്നത് വികസനവിരുദ്ധമാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Post a Comment