Join News @ Iritty Whats App Group

അർജുനായിടുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്, വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ; ഷിരൂരിൽ ഓറഞ്ച് അലേർട്ട്


ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള ശ്രമം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. കാലാവസ്ഥ വളരെ പ്രതികൂലമായ സാഹചര്യമാണ് ഇപ്പോൾ മേഖലയിൽ തുടരുന്നത്. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. അതിനാൽ തന്നെ നദിയിൽ ഇറങ്ങി ഒരു തിരച്ചിൽ ദുഷ്കരം ആണെന്നാണ് വിദഗ്ധർ പറയുന്നത്. കാലാവസ്ഥ അനുകൂലം ആകുന്നത് വരെ കാത്തിരിക്കാനാണ് നിലവിലെ തെറ്റുമാനം.

നദിക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. മൂന്നിടങ്ങളിൽ നിന്നായി സിഗ്നൽ ലഭിച്ചതായാണ് രക്ഷാദൗത്യത്തിന്റെ തലവൻ റിട്ട മേജർ ജനറൽ ഇന്ദ്രബാലൻ ഇന്നലെ അറിയിച്ചത്. ലഭിച്ച സിഗ്നലിൽ ഒന്നിൽ നിന്നും ഒന്നിൽ കൂടുതൽ സിഗ്നൽ ലഭിച്ചതായും മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. അതിനാൽ മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കൂ. നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ട്രക്കിന്റെ ക്യാബിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായിരുന്നു. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടികൾ 12 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങൾക്കിടയിലാണ് അർജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്.

അർജുന്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ എത്തിയെങ്കിലും ഡങ്കി ബോട്ടുകൾക്ക് നിലയുറപ്പിക്കാൻ സാധിക്കാത്തതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാകുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group