Join News @ Iritty Whats App Group

ഹത്രാസിലെ ദുരന്തത്തില്‍ വിവാദ പ്രസ്താവനയുമായി ആള്‍ദൈവം ; ചിലര്‍ വിഷപദാര്‍ഥം നിറച്ച കന്നാസുകള്‍ തുറന്നുവിട്ടെന്ന് ആരോപിച്ച് ഭോലെ ബാബയുടെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: ഹത്രാസില്‍ സത്‌സംഗിനിടെ ചിലര്‍ വിഷപദാര്‍ഥം നിറച്ച കന്നാസുകള്‍ തുറന്നുവിട്ടെന്ന് ആരോപിച്ച് സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ അഭിഭാഷകന്‍ രംഗത്ത്. വിഷപദാര്‍ഥമടങ്ങിയ കന്നാസുകള്‍ ചിലര്‍ തുറക്കുന്നത് കണ്ടെന്നു ദൃക്‌സാക്ഷികള്‍ തന്നോടു പറഞ്ഞതായി ഭോലെ ബാബയുടെ അഭിഭാഷകന്‍ എ.പി. സിങ് അവകാശപ്പെട്ടു.

ഭോലെ ബാബയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയാണ് ഗൂഢാലോചനയ്ക്കും ദുരന്തത്തിനും വഴിവച്ചതെന്നും എ.പി. സിങ് ആരോപിച്ചു. വിഷപദാര്‍ഥം അടങ്ങിയ കന്നാസുമായി 15-16 പേര്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുന്നത് കണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ശ്വാസംമുട്ടിയാണ് ആളുകള്‍ മരിച്ചതെന്നും പരുക്കേറ്റതു മൂലമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും സിങ് അവകാശപ്പെട്ടു.

സത്‌സംഗിന്റെ അവസാനം തിക്കും തിരക്കുമുണ്ടായതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ദുരന്തത്തിനു കാരണക്കാരായവര്‍ക്കു രക്ഷപ്പെടാനായി പാര്‍ക്കിങ് സ്ഥലത്ത് വാഹനങ്ങള്‍ തയാറാക്കിനിര്‍ത്തിയിരുന്നു. അതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ട്. അനേ്വഷണക്കമ്മിഷന് ഇൗ തെളിവുകള്‍ കൈമാറുമെന്നും എ.പി. സിങ് പറഞ്ഞു.

സത്‌സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും 121 പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യസംഘാടകന്‍ ദേവപ്രസാദ് മധുകര്‍ അടക്കം ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറാന്‍ പ്രദേശവാസികളോടും സാക്ഷികളോടും ആവശ്യപ്പെട്ട് വൈകാതെ പൊതുഅറിയിപ്പ് നല്‍കുമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്(റിട്ട.) ബ്രിജേഷ്‌കുമാര്‍ ശ്രീവാസ്തവ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അതിനിടെ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുവദിച്ച സഹായധനം അപര്യാപ്തമാണെന്നുകാട്ടി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചു. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയില്‍ വര്‍ധന വരുത്തണം. അത് അര്‍ഹരായവര്‍ക്ക് ഉടന്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം- കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ ഉറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് യു.പി. സര്‍ക്കാര്‍ സഹായധനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group