കണ്ണൂർ: ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് വൃദ്ധൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചെറുപുഴ ആറാട്ടുകടവിലെ കുടിലിൽ താമസിക്കുകയായിരുന്ന കുഞ്ഞിരാമനാണ് കട്ടിലിനടിയിലേക്ക് വീണതുകൊണ്ടുമാത്രം രക്ഷപ്പെട്ടത്. ആറാട്ടുകടവിലെ ഈ കുടിലിൽ തനിച്ചായിരുന്നു കുഞ്ഞിരാമൻ. അർധരാത്രി കാട്ടാനയെത്തി.
കുടിൽ തകർത്തു. ഉറങ്ങിക്കിടന്ന കുഞ്ഞിരാമൻ നിലത്തേക്ക് വീണു. കട്ടിലിനടിയിലേക്കായതുകൊണ്ട് രക്ഷപ്പെട്ടു. ഭക്ഷണസാധനങ്ങളുൾപ്പെടെ നശിപ്പിച്ച് കാട്ടാന മടങ്ങി. രാവിലെ പുഴയിൽ ചൂണ്ടയിടാനെത്തിയവർ വന്നുനോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കട്ടിലിനടിയിൽ കുഞ്ഞിരാമനെ കാണുന്നത്. കുഞ്ഞിരാമനെ നാട്ടുകാർ പിന്നീട് ആശുപത്രിയിലാക്കി. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചെറിയ കുടിലിലാണ് വർഷങ്ങളായി താമസം.
പ്രദേശത്തുളളവരെ പെരിങ്ങോമിലേക്ക് പുനരധിവസിപ്പിക്കാൻ പദ്ധതിയായിരുന്നു. വീട് പണിതെങ്കിലും കുടിവെളളമെത്തിക്കാൻ നടപടിയാകാത്തതുകൊണ്ട് മാറിത്താമസിക്കാനായില്ല. കർണാടക വനത്തിൽ നിന്ന് കാട്ടാന പതിവായിറങ്ങുന്ന സ്ഥലത്താണ് പരിമിത സൗകര്യങ്ങളിൽ കുഞ്ഞിരാമനേപ്പോലുളളവരുടെ താമസവും.
Post a Comment