കൊച്ചി: സംസ്ഥാനത്തെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റ് മലിനീകരണം വർധിക്കുന്നതായി പഠനം. വിവിധ മേഖലകളിൽ നടത്തിയ പഠനത്തിലാണ് അപകടകരമായ രീതിയിൽ ഭൂഗർഭ ജലത്തിൽ നൈട്രേറ്റ് മലിനീകരണം വർധിക്കുന്നതായി കണ്ടെത്തിയത്. കുഫോസ്, കേരള സർവകലാശാല, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് എന്നിവരുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാട്ടർ റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം വഴി സെന്റർ ഗ്രൗണ്ട് വാട്ടർ ബോർഡ് പ്രസിദ്ധീകരിച്ച 2010, 2018 റിപ്പോർട്ടുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പഠന കാലയളവിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലെ 324 കിണറുകളിലെ വെള്ളം പരിശോധിച്ചു. തിരുവനന്തപുരം ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങൾ, ഇടുക്കിയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേട്രേറ്റിന്റെ അളവ് പരിധിക്കപ്പുറം (ലിറ്ററിൽ 45 മില്ലി ഗ്രാം) കടന്നിട്ടുണ്ടെന്നും നൈട്രേറ്റിന്റെ അളവ് വർധിക്കുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്നും പറയുന്നു. ബ്ലൂബേബി സിൻഡ്രോം, രക്താതിസമ്മർദം, തലവേദന, ത്വക്ക് രോഗം, സയനസിസ്, ശിശുമരണം, വയറ്റിലെ കാൻസർ, തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകൾ തുടങ്ങിയവ ഇതിൽപ്പെടും.
കേരള സർവകലാശാലയിലെ ഡോ. സി.ജി. അജു, ഡോ. രാജേഷ് രഘുനാഥ്, കുഫോസിലെ എ.എൽ. അച്ചു, ഡോ. ഗിരീഷ് ഗോപിനാഥ്, സിഡബ്ല്യുആർഡിഎമ്മിലെ ഡോ. എം.സി. റെയ്സി എന്നിവരാണ് പഠനം നടത്തിയത്. അന്താരാഷ്ട്ര ജേണലായ കോമോസ്ഫിയറാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Post a Comment