കണ്ണൂർ: കണ്ണൂർ ചെങ്ങളായിൽ നിന്നും നിധിയെന്ന് കരുതപ്പെടുന്ന വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി തൊഴിലുറപ്പ് തൊഴിലാളികൾ. മഴക്കുഴി എടുത്തുകൊണ്ടിരിക്കവേയാണ് തൊഴിലാളികൾക്ക് സ്വർണാഭരണങ്ങളും മുത്തും വെളളിയാഭരണങ്ങളും അടങ്ങിയ കുടം ലഭിച്ചത്. ആദ്യം ബോംബാണെന്ന് സംശയിച്ചെന്നും പിന്നീട് ധൈര്യം സംഭരിച്ച് തുറന്നെന്നും നിധിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചെന്നും തൊഴിലാളികൾ പ്രതികരിച്ചു.
സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ ലഭിച്ചത്. 17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് ആദ്യം കിട്ടിയത്. പിന്നീടും കൂടുതൽ വസ്തുക്കൾ കണ്ടെത്തി. 3 വെള്ളിനാണയവും ഒരു സ്വർണമുത്തുമാണ് പിന്നീട് കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ മഴകുഴിക്ക് സമീപത്ത് നിന്നാണ് ഇവ കിട്ടിയത്.
ആഭരണങ്ങൾക്ക് 200 വർഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം. അതി പുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നാൽ മാത്രമേ പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധനകൾ തുടങ്ങുകയുള്ളൂ. മൂല്യം കണക്കാക്കി പിന്നീട് സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും വകുപ്പ് അറിയിച്ചു.
Post a Comment