Join News @ Iritty Whats App Group

വിഴിഞ്ഞം തുറമുഖത്തിൻ്റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥി


വിഴിഞ്ഞം തുറമുഖത്തിൻ്റെ ട്രയൽ റൺ ഇന്ന്. വിഴിഞ്ഞത്തെത്തിയ ആദ്യ ചരക്ക് കപ്പലായ മദർഷിപ്പ് സാൻ ഫെർണാണ്ടോയ്ക്ക് സ്വീകരണവും തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അതേസമയം ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം.

ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകിട്ടോടെ വിഴിഞ്ഞം തീരം വിടും. അതേസമയം പ്രതിപക്ഷത്ത് നിന്ന് സ്ഥലം എംഎൽഎ എം.വിൻസെൻ്റ് മാത്രം ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാവിലെ ഔട്ടർ ഏരിയയിൽ എത്തിയ സാൻ ഫെർണാണ്ടോ കപ്പലിനെ ടഗ് ബോട്ടുകൾ തുറമുഖത്തോട് അടുപ്പിച്ചു. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ചെണ്ടമേളം ഉൾപ്പെടെയുള്ള സ്വീകരണമാണ് സാൻ ഫെർണാണ്ടോ കപ്പലിനായി നാട്ടുകാർ ഒരുക്കിയിരിക്കുന്നത്.

അതേസമയം തുറമുഖത്തെച്ചൊല്ലിയുള്ള അവകാശത്തർക്കം പരസ്യപ്രതിഷേധത്തിലേക്ക് കടന്നു. പദ്ധതിയുടെ വിജയം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമർപ്പിച്ച് യുഡിഎഫ് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. തിരുവനന്തപുരം എംപി ശശി തരൂരും ചടങ്ങിൽ പങ്കെടുക്കില്ല. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും ശശി തരൂർ അറിയിച്ചിരുന്നു.

പദ്ധതി യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്നും വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം എന്നതടക്കമുള്ള വാദങ്ങളാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർ ഇന്നലെ അവകാശപ്പെട്ടിരുന്നു. അതേസമയം എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ പ്രത്യേക ശ്രദ്ധയും കരുതലും വിഴിഞ്ഞം പദ്ധതിക്ക് നൽകിയിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞത്തേക്ക് ചരക്കുമായി എത്തിയിരിക്കുന്നത്. നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി 2014 ൽ നിർമ്മാണം പൂർത്തിയാക്കിയ സാൻ ഫെർണാണ്ടോയ്ക്ക് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്.
മദർഷിപ്പിന് നങ്കൂരം ഇടാൻ ആവശ്യമായത് 10 മീറ്റർ ആഴമാണ്. 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട് സാൻ ഫെർണാണ്ടോക്ക്. എന്നാൽ 2000 കണ്ടെയ്നറുകൾ മാത്രമാണ് വിഴിഞ്ഞത്തെത്തുന്നത്. അതിൽ തുറമുഖത്തിറക്കുന്നത് 1960 കണ്ടെയ്നറുകളാണ്. കഴിഞ്ഞ മാസം 22 നാണ് സാൻ ഫെർണാണ്ടോ ഹോങ്കോങ്ങ് വിട്ടത്.

ട്രാൻസ്ഷിപ്പ്മെൻ്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്‌തിരിക്കുന്നത്. മദർഷിപ്പിലെത്തുന്ന കാർഗോ പോർട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം. മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിക്കുകയും ആവശ്യമുള്ള കാർഗോ, റെയിൽ -റോഡ് അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.

Post a Comment

Previous Post Next Post
Join Our Whats App Group