ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ഭർത്താവിൽനിന്നു ജീവനാംശം ലഭിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി.
ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ജീവനാംശത്തിനായി കേസ് നൽകാമെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട 1986 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ജീവനാംശം നിശ്ചയിക്കണമെന്ന വാദം കോടതി തള്ളി. ജീവനാംശം തേടുന്നത്, മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കുമുള്ള അവകാശമാണെന്നും കോടതി വ്യക്തമാക്കി.
തെലുങ്കാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു മുഹമ്മദ് അബ്ദുൾ സമദ് എന്ന യുവാവ് സമർപ്പിച്ച ഹർജിയിലാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. യുവാവിന്റെ ഭാര്യക്ക് 10,000 രൂപ പ്രതിമാസം ജീവനാംശം നൽകാനായിരുന്നു തെലുങ്കാന ഹൈക്കോടതിയുടെ ഉത്തരവ്.
മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട 1986ലെ നിയമപ്രകാരം വിവാഹമോചിതയായ തന്റെ മുൻ ഭാര്യക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പു പ്രകാരം ജീവനാംശത്തിന് അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ വിവാഹിതയായ സ്ത്രീകൾക്കു മാത്രമല്ല എല്ലാ സ്ത്രീകൾക്കും ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Post a Comment