Join News @ Iritty Whats App Group

മൂന്നാം ക്ലാസുകാരിയെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ബലാത്സംഗം ചെയ്ത് കൊന്ന് ഓടയില്‍ തള്ളി; സംഭവം ആന്ധ്രയില്‍

ഹൈദരാബാദ്: എട്ട് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ചെന്നും ആന്ധ്രാ പൊലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.


പ്രതിപ്പട്ടികയില്‍ 12 വയസും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുമായ രണ്ട് ആണ്‍കുട്ടികളുണ്ട്. 13 വയസുള്ള മൂന്നാമത്തെ ആണ്‍കുട്ടി ഏഴാം ക്ലാസിലാണ്. പെണ്‍കുട്ടിയും ആണ്‍കുട്ടികളും ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് പറയപ്പെടുന്നു. ഞായറാഴ്ച പഗിദ്യാലയിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ബുധനാഴ്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്.


പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന മകളെ കാണാതായെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുച്ചുമാരി പാര്‍ക്കില്‍ വ്യാപക തിരച്ചില്‍ നടത്തിയിട്ടും നാട്ടുകാരെ ചോദ്യം ചെയ്തിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് തിരച്ചിലിനായി പൊലീസ് ഒരു സ്‌നിഫര്‍ നായയെ വിന്യസിച്ചു. നായ മണം പിടിച്ചെത്തിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളുടെ വസതികളിലേക്കാണ്.



പ്രാഥമിക അന്വേഷണത്തിനൊടുവില്‍ ആണ്‍കുട്ടികള്‍ പിടിയിലായി. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ആണ്‍കുട്ടികള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി മുച്ചുമാരി പാര്‍ക്കിന് സമീപം കളിക്കുന്നത് ആണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടതായി ഇവരുടെ മൊഴിയില്‍ പറയുന്നു. അവര്‍ കുട്ടിയോട് തങ്ങള്‍ക്കൊപ്പം കളിക്കാന്‍ ആവശപ്പെട്ടു.

ഇത് പെണ്‍കുട്ടി വിസമ്മതിച്ചതോടെ മുച്ചുമാരി ജലസേചന പദ്ധതിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയി മര്‍ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഭയന്നാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. പിന്നീട് കുട്ടിയുട മൃതദേഹം സമീപത്തെ കനാലില്‍ ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെട്ടു.


അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കനാലില്‍ ആഴത്തിലുള്ള ജലനിരപ്പ് ഉള്ളതിനാലും മഴ കാരണം കുത്തൊഴുക്കുള്ളതിനാലും മൃതദേഹം ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടില്ല. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

Previous Post Next Post
Join Our Whats App Group