തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദര്‍ഷിപ്പായി ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ. വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച കപ്പലിന്റെ ഔദ്യോഗിക സ്വീകരണചടങ്ങ് നാളെ നടക്കും. മെസ്‌ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ സാന്‍ ഫെര്‍ണാന്‍ഡോ രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളുമായാണ് തുറമുഖത്ത് എത്തുന്നത്.
ഇതില്‍ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കിയ ശേഷം ബാക്കിയുള്ള കണ്ടെയ്‌നറുകളുമായി കപ്പല്‍ നാളെ വൈകിട്ട് യൂറോപ്പിലേക്ക് തിരിക്കും. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്‌നറുകള്‍ ഇറക്കിത്തുടങ്ങും. റഷ്യന്‍ സ്വദേശി വോള്‍ഡിമര്‍ബോണ്ട് ആരെങ്കോയാണ് കപ്പലിന്റെ ക്യാപ്റ്റന്‍.
തുറമുഖത്ത് നങ്കൂരമിടാനായി കരയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കെയായിരുന്നു ടഗ്ഗുകളുടെ നേതൃത്വത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയത്. കൂറ്റന്‍ വടം ഉപയോഗിച്ച് കപ്പലിനെ ബര്‍ത്തില്‍ ബന്ധിപ്പിക്കുന്ന മൂറിങ് 10 മണിയോടെ നടക്കുമെന്നാണ് കരുതുന്നത്. മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് എത്തിച്ചേരും. നാളെയോടെ തന്നെ കണ്ടെയ്‌നറുകള്‍ കയറ്റാനുള്ള ഫീഡര്‍ വെസലുകളും എത്തും.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് നാളെ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കും. അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
7700 കോടി രൂപയുടെ പദ്ധതിയാണ് വിഴിഞ്ഞത്ത് ഒരുങ്ങുന്നത്. മൂന്നുമാസ സമയം ട്രയല്‍റണ്‍ തുടരാനാണ് പദ്ധതി. ജൂലൈയില്‍ തന്നെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്‍ട്‌സ് അറിയിച്ചു.
Post a Comment