ഇരിട്ടി: കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹങ്ങൾക്ക് കുടക് ജില്ലാ ഭരണകൂടം നിയന്ത്രമേർപ്പെടുത്തി. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് 18.5 ടണ്ണിൽ കൂടുതൽ ഭാരം കയറ്റുന്ന വാഹനങ്ങൾക്ക് കുടക് കളക്ടർ വെങ്കിട്ടരാജ നിയന്ത്രണമേർപ്പെടുത്തി ഉത്തരവിട്ടത്.
മൾട്ടി ആക്‌സിൽ വിഭാഗം ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും നിരോധനമില്ല. എല്ലാത്തരം തടി, മണൽ ലോഡ് വാഹനങ്ങൾക്കും നിരോധനം ഉണ്ട്. ഉത്തരവ് തിങ്കളാഴ്ച ഇറങ്ങിയെങ്കിലും ദൂരെ സംസ്‌ഥാനങ്ങളിൽ നിന്നു വിവരം അറിയാതെ എത്തിയ കുടക് ജില്ലയ്ക്കുള്ളിൽ നിന്നു ചെക്ക് പോസ്‌റ്റിൽ എത്തിയ ലോറികൾക്ക് ഇളവ് നൽകിയെങ്കിലും ഇന്നു മുതൽ തടയാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം കുടക് - ഇരിട്ടി പാതയിൽ മാക്കൂട്ടം ഓട്ടക്കൊല്ലിയിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചിരുന്നു. ഇന്നലെ മുതൽ പ്രാബല്യത്തിലാക്കി ഇറക്കിയ ഉത്തരവ് ഈ മാസം 31 വരെയാണെങ്കിലും കാലവർഷം ശക്തമായി തുടരുകയാണെങ്കിൽ ഇനിയും നീട്ടിയേക്കും. നിയന്ത്രണ നിർദേശം മറികടന്ന് കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾ മാക്കൂട്ടം ഉൾപ്പെടെ അതിർത്തിയിലുള്ള ചെക്ക് പോസ്‌റ്റുകളിൽ നിന്നും തിരിച്ചയക്കും. കുടക് ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാത 275 ന്റെ അതിർത്തിയിൽ കുശാൽനഗർ, സംപാജെ എന്നിവിടങ്ങളിലും 24 മണിക്കൂറും പരിശോധന ശക്തമാക്കാനും ആവശ്യമായ ഉദ്യോഗസ്‌ഥരെ നിയോഗിക്കാനും മൊബൈൽ പട്രോളിങ് നടത്താനും ഉത്തരവിൽ നിർദേശം ഉണ്ട്. വനത്തിലൂടെ കടന്നു പോകുന്ന ചുരം പാതയിൽ നിരവധി വൻ മരങ്ങളും മണ്ണിടിച്ചിലും അപകട ഭീഷണി തീർക്കുന്നുണ്ട്. 2018 ൽ ചുരം പാതയിൽ 100 ഓളം സ്‌ഥലങ്ങളിൽ മണ്ണിടിഞ്ഞു അപകടം സംഭവിച്ചിരുന്നു.
Post a Comment