ഇരിട്ടി: കേരളാ - കർണ്ണാടകാ അതിർത്തിയായ കൂട്ടുപുഴയിൽ നടക്കുന്ന വിവിധ വകുപ്പുകളുടെ വാഹന പരിശോധന ജീവനക്കാരുടെ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുന്നതായി നിഗമനം. അതിർത്തിയായ കൂട്ടുപുഴ പാലം കടന്ന് ചീറിപാഞ്ഞു വരുന്ന വാഹനങ്ങളെ കൈകാണിച്ചു നിർത്തിക്കുകയല്ലാതെ ഇവിടെ മറ്റ് ശാസ്ത്രീയ സംവിധാനങ്ങൾ ഒന്നുംതന്നെ ഇല്ല.
പോലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ ചെക്ക് പോസ്റ്റുകളാണ് അതിർത്തിയിൽ സ്ഥിതിചെയ്യുന്നത്. മൂന്ന് ചെക്ക് പോസ്റ്റുകളും പാലത്തിനു സമീപം തൊട്ടുതൊട്ടാണ് കിടക്കുന്നത്. കൂട്ടുപുഴയിൽ പുതിയ പാലം പണിതതോടെ റോഡിനും ഇവിടെ ഏറെ വീതികൂടുതലാണ് എന്നതും ലഹരിക്കടത്തടക്കം നിത്യ സംഭവങ്ങളായി മാറുമ്പോൾ ഇത്തരം വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നവരെ കൈകാണിച്ച് തടഞ്ഞ് നിർത്തുക എന്നത് ഏറെ സാഹസികമായി മാറിയിരിക്കയാണ്. ഇത് പരിശോധനക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാകുന്നു. അടുത്ത കാലത്ത് ലഹരിക്കടത്തു സംഘങ്ങൾ വാഹനത്തിൽ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടും അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഗതാഗത നിയന്ത്രണത്തിനായി റോഡിൽ ഡിവൈഡർ ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒന്നും ഇല്ല. ഇതുമൂലം വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിന് മുന്നിലൂടെ തോന്നിയപോലെ കടന്നുപോകാൻ കഴിയുന്നു. അതിവേഗം പാഞ്ഞു വരുന്ന വാഹനങ്ങളെ നിർത്തിക്കാൻ റോഡിൽ ഇറങ്ങി നിൽക്കേണ്ടിവരുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ ഏറെയാണ്. കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി വന്ന കാർ പരിശോധിക്കുന്നതിനിടെ എക്‌സൈസ് ജീവനക്കാരനുമായി കാർ കടന്നുകളഞ്ഞത് ഇതിന്റെ ഉദാഹരണമാണ്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് അതിർത്തി കടന്ന് എത്തുന്നത് എന്നതുകൊണ്ടുതന്നെ ഫലപ്രദമായ ഗതാഗത നിയന്ത്രണ സംവിധാനം അതിർത്തിയിൽ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള വലുതും ചെറുതുമായ വാഹനങ്ങൾ കള്ളക്കടത്തു മാഫിയകൾ ഉപയോഗിച്ച് വരുന്നു. അതിനാൽത്തന്നെ എല്ലാ വാഹനങ്ങളും കൈകാണിച്ച് നിർത്തേണ്ടി വരുന്ന സാഹചര്യം പരിശോധനയുടെ കാര്യക്ഷമതയേയും ബാധിക്കുകയാണ്. ഇതിനൊപ്പം ചരക്കു വാഹനങ്ങളും യാത്രാ വാഹനങ്ങളും പരിശോധിക്കേണ്ടിവരുന്നു. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും പരിശോധന കുറ്റമറ്റതാക്കുന്നതിനും ആധുനിക ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ കൂട്ടുപുഴ അതിർത്തിയിൽ എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. ഒപ്പം ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിലെ കവാടം എന്ന നിലയിൽ കൂട്ടുപുഴ പാലത്തിന് സമീപം വെയിലും മഴയും കൊണ്ട് ബസ് കാത്തുനിൽക്കുന്നവർക്കായി ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.
Post a Comment