വയനാട് മുന്‍ എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടിയ ദുരന്ത ഭൂമി സന്ദര്‍ശിക്കും. നാളെ ഉച്ചയോടെ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി മൈസൂരിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം വയനാട്ടിലെ ദുരന്ത പ്രദേശത്തേക്ക് എത്തിച്ചേരുമെന്നാണ് വിവരം.
ദുരന്ത ബാധിതര്‍ വസിക്കുന്ന മേപ്പാടിയിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പരിക്കേറ്റവര്‍ ചികിത്സയിലുള്ള വിംസ് ആശുപത്രിയും സന്ദര്‍ശിക്കും. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍ മലയില്‍ നിന്ന് മേപ്പാടിയിലേക്ക് സൈന്യവും ഫയര്‍ ആന്റ് റെസ്‌ക്യുവും സംയുക്തമായി നിര്‍മ്മിച്ച പാലത്തിലൂടെ 489 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വ്വ സന്നാഹങ്ങളോടെയും ദുരന്ത ഭൂമിയില്‍ രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുന്‍കരുതലുകള്‍, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലാണ് യോഗം ചേര്‍ന്നത്.
ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങളും എത്തും.
Post a Comment