കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ചതിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സുരക്ഷ.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഫർസീൻ മജീദിനാണ് പൊലീസ് പ്രത്യേക നിരീക്ഷണമൊരുക്കിയത്.
അപായപ്പെടുത്താൻ നീക്കമുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടിനെതുടർന്ന് ഇയാളുടെ വീടിനു മുന്നില്‍ പ്രത്യേക നിരീക്ഷണം നടത്താൻ മട്ടന്നൂർ പൊലീസിനാണ് നിർദേശം നല്‍കിയത്. വീടിനു മുന്നില്‍ രണ്ടുമൂന്ന് ദിവസമായി അപരിചിതരായ ചിലർ കറങ്ങിനടക്കുന്നുവെന്നും അജ്ഞാതർ വാഹനങ്ങളില്‍ എത്തുന്നുവെന്നുമാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. നിരീക്ഷണത്തിന്റെ ഭാഗമായി ഫർസിന്റെ മട്ടന്നൂർ വെള്ളിയാംപറമ്ബിലെ വീട്ടില്‍ പൊലീസ് രജിസ്റ്റർ ബുക്ക് വെച്ചിട്ടുണ്ട്. നിരീക്ഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ അക്കാര്യം രേഖപ്പെടുത്തുന്നതിനാണ് രജിസ്റ്റർ വെച്ചത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി വയനാട് പനമരത്ത് നമ്ബർ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സവാരി നടത്തിയതിനെതിരെ വയനാട് ആർ.ടി.ഒക്കാണ് ഫർസിൻ മജീദ് പരാതി നല്‍കിയിരുന്നത്. ലൈസൻസില്ലാതെയാണ് ആകാശിന്റെ ഡ്രൈവിങ് എന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘവും കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ പരാതിക്കാരനെ ചിലർ ലക്ഷ്യംവെക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കൊല്ലപ്പെട്ട എടയന്നൂരിലെ ഷുഹൈബിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഫർസിൻ. എന്നാല്‍, ഇത്തരം അപായ നീക്കമൊന്നും ശ്രദ്ധയില്‍പെട്ടില്ലെന്നും ഇക്കാര്യം ആർക്കും പരാതി നല്‍കിയിട്ടില്ലെന്നും ഫർസിൻ മജീദ് പറഞ്ഞു.
അതിനിടെ, ആകാശ് ഓടിച്ച ജീപ്പ് പനമരം പൊലീസ് പിടികൂടി. വാഹനം ഓടിക്കാൻ കഴിയാത്ത രൂപത്തിലാണ് ഉള്ളതെന്നും കെട്ടിവലിച്ചാണ് കൊണ്ടുവന്നതെന്നും സി.ഐ സുജിത്ത് 'മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം മൊറയൂർ എടപ്പറമ്ബ് കുടുംബിക്കല്‍ ആക്കപ്പറമ്ബില്‍ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് ആകാശ് ഓടിച്ച KL 10 BB 3724 എന്ന ചുവന്ന മഹീന്ദ്ര ഥാർ ജീപ്പ്. നാലുടയറുകളും മാറ്റി വീതിയുള്ള ഭീമൻ ടയറുകള്‍ ഘടിപ്പിച്ച രൂപത്തിലുള്ള ജീപ്പിന്റെ റൂഫ് ഇളക്കി മാറ്റി തുറന്ന നിലയിലായിരുന്നു. നമ്ബർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ആകാശും മുൻസീറ്റിലിരുന്നയാളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുമുണ്ട്. 2021, 23 വർഷങ്ങളില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കുടിശികയുമുണ്ട്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി വാഹനം പിടിച്ചെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു.
Post a Comment