തലശേരി: സിപിഎം മുൻ ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന്റെ മകൻ ജെയിൻ രാജ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അനൂപ് ബാലചന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് ലോയേഴ്സ് യൂണിയൻ നേതാവു കൂടിയായ അഡ്വ. കെ. വിശ്വൻ മുഖാന്തിരം തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് പ്രകാരമുള്ള തലശേരി കോടതിയിലെ ആദ്യ മാനനഷ്ടക്കേസ് കൂടിയാണിത്.
ജെയിൻ രാജിനെതിരേ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോർഡിനേറ്റർ, ജയരാജന്റെ മകന് ക്വട്ടേഷൻ സംഘവുമായി ബന്ധം, റെഡ് ആർമിക്കു പിന്നിൽ പി. ജയരാജന്റെ മകൻ, ഇവർക്ക് വഴിവിട്ട ബന്ധം എന്നീ ആരോപണങ്ങളാണ് മനു തോമസ് ഉന്നയിച്ചിട്ടുള്ളതെന്നും ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സംഭവത്തിൽ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ജെയിന്റെ പിതാവിനോടുള്ള വിരോധം തീർക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. സ്വസ്ഥമായി കുടുംബ ജീവിതം നയിക്കുന്ന ആളാണ് ജെയിൻ രാജ്. ആരോപണങ്ങൾ പ്രക്ഷേപണം ചെയ്യുകയും ചാനിൽ എഴുതി കാണിക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നു. വാർത്തയുടെ സ്ക്രീൻ ഷോട്ട്, ശബ്ദരേഖ തുടങ്ങിയവയും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വാർത്ത പിൻവലിച്ച് എതിർകക്ഷികളായ മൂന്നുപേരും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കാണിച്ച് ജെയിൻ രാജ് പ്രതികൾക്ക് രജിസ്ട്രേഡായി നോട്ടീസ് നൽകുകയും ഇ -മെയിൽ അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്യുന്നതെന്നും പ്രതികൾക്കെതിരേ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു.
Post a Comment