സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍. അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗങ്ങളുടെയും അഭിഭാഷകര്‍ കോടതിയില്‍ എത്തിയിരുന്നു.
കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായതോടെയാണ് അബ്ദുള്‍ റഹീമിന്റെ മോചനം സാധ്യമാകുന്നത്. 15 മില്ല്യണ്‍ റിയാലാണ് കൊല്ലപ്പെട്ട സൗദി ബാലനായ അനസ് അല്‍ ശഹ്‌റിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. നേരത്തെ തന്നെ തുകയുടെ ചെക്ക് റിയാദ് ക്രിമിനല്‍ കോടതി വഴി കൈമാറിയിരുന്നു.
അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കാമെന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയിലെത്തി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കേസ് കോടതിയുടെ പരിഗണനയില്‍ എത്തിയിരുന്നെങ്കിലും സൗദി ബാലന്റെ കുടുംബം എത്താതിരുന്നതോടെ കേസ് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.
രേഖകളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമായിരുന്നു കോടതി വധശിക്ഷ റദ്ദ് ചെയ്തത്. അധികം വൈകാതെ ജയില്‍ മോചിതനാകുന്ന അബ്ദുള്‍ റഹീമിനെ നാട്ടിലേക്ക് തിരിച്ചയയ്ക്കും.
Post a Comment