Join News @ Iritty Whats App Group

താടി വെയ്ക്കാന്‍ അനുവദിക്കണമെന്ന് പോലീസുകാരന്‍ ; മൗലീക അവകാശം, മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ; പറ്റില്ലെന്ന് എട്ടു വര്‍ഷമായുള്ള കേസില്‍ പോലീസ് മേധാവിയുടെ മറുപടി

കൊച്ചി: ഒടുവില്‍ സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയില്‍ മറുപടി നല്‍കി- 'പോലീസുകാരനായ കെ. റിയാസിനു താടിമീശ വയ്ക്കാന്‍ അനുമതി നല്‍കാനാവില്ല'...കൊച്ചിയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായി സേവനം ചെയ്യുന്ന കെ. റിയാസ് എട്ടുവര്‍ഷം മുമ്പാണ് സ്ഥിരമായി താടിവയ്ക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടാന്‍ ഹൈക്കോടതിയില്‍ റിട്ട് നല്‍കിയത്.

കേസില്‍ എതിര്‍കക്ഷിയായ സംസ്ഥാന പോലീസ് മേധാവിക്കു കോടതി നോട്ടീസ് അയച്ചെങ്കിലും എട്ടു വര്‍ഷത്തിനു ശേഷമാണു മറുപടി നല്‍കിയത്. മറുപടി പരിഗണിച്ച ശേഷം വിശദമായ വാദം കേള്‍ക്കാനാണു ജസ്റ്റിസ് പി. ഗോപിനാഥന്റെ തീരുമാനം. പോലീസ് സേനയുടെ അച്ചടക്കത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ഭരണഘടനയുടെ 25-ാം വകുപ്പു പ്രകാരമുള്ള മൗലികാവകാശം അനുവദിക്കാനാവില്ലെന്നാണു ഡി.ജി.പിയുടെ വിശദീകരണം.

താടി വയ്ക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്ന നിലപാട് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണു കെ. റിയാസ് ഹര്‍ജി നല്‍കിയത്. താടി വയ്ക്കുക എന്നതു മതപരമായ തന്റെ ബാധ്യതയാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. പോലീസ് മാനുവലില്‍ താടി വളര്‍ത്തുന്നതു വിലക്കുന്ന ഒരു വ്യവസ്ഥയുമില്ല.

അത്തരത്തില്‍ നിയമമോ സര്‍വീസ് ചട്ടങ്ങളോ സര്‍ക്കാര്‍ ഉത്തരവോ ഇല്ല. കൃത്യനിര്‍വഹണത്തിനു താടി തടസമല്ല. കരസേനയിലും നാവികസേനയിലും താടി വയ്ക്കാന്‍ അനുവാദമുണ്ട്. സിഖ് സമുദായക്കാരായ പോലീസുകാര്‍ക്കും ശബരിമലയില്‍ ഡ്യൂട്ടിയുള്ളവര്‍ക്കും താടി വയ്ക്കാന്‍ അനുമതി നല്‍കുന്നതും മതാചാരത്തിന്റെ ഭാഗമാണ്. എന്നാല്‍, മുസ്ലിംകളായ പോലീസുകാരെ വിലക്കുന്നതു മൗലികാവകാശ ലംഘനവും വിവേചനവുമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group