ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷൻ നല്‍കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. കണ്സഷന് നല്‍കിയില്ലെങ്കില്‍ ബസ് ജീവനക്കാര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാം.
അവധി ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറുടെയോ അനുമതിക്കത്തുണ്ടെങ്കില് വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്സഷന് യാത്ര അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കോട്ടയം ജില്ലാകളക്ടര്‍ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.
ബസില്‍ രാത്രി ഏഴിന് മുന്‍പ് യാത്ര ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലംവരെ യാത്ര അനുവദിക്കണം. കണ്സഷന് സമയം നീട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ചാര്‍ജ് നിര്‍ബന്ധിച്ചു വാങ്ങരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ആര്‍ടി ഓഫീസില്‍നിന്ന് അഞ്ചുരൂപ കൊടുത്ത് കാര്‍ഡ് വാങ്ങാം.
കണ്സഷന് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിദ്യാര്‍ഥി സഞ്ചരിക്കുന്ന റൂട്ട് കാര്‍ഡില്‍ രേഖപ്പെടുത്തും. സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കണ്‍വീനറായ കോട്ടയം ആര്‍ടിഒ കെ.അജിത് കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന് പോള്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment