Join News @ Iritty Whats App Group

‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം’; അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ചത് പിണറായിയെന്ന് കെ സുധാകരന്‍


വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എന്നാലത് പിണറായി സര്‍ക്കാര്‍ മനഃപൂര്‍വ്വം തമസ്‌കരിക്കുകയാണ്. വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും സുധാകരൻ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫിന്റെ സമരങ്ങള്‍ കാരണം പദ്ധതിയുടെ നിര്‍മ്മാണ ചെലവ് പോലും വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. 2019 ല്‍ യാഥാര്‍ത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എല്‍ഡിഎഫും പിണറായി സര്‍ക്കാരുമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇത്രയും കാലതാമസം വരുത്തിയതിന് പിണറായി വിജയനും സിപിഎമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കടല്‍ക്കൊള്ളയെന്ന് വിശേഷിപ്പിച്ച പദ്ധതിയെ പിണറായി വിജയന്‍ ഇന്നിപ്പോള്‍ തന്റെ ഇച്ഛാശക്തിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാപ്പരത്തം കേരളീയ സമൂഹത്തിന് ബോധ്യമാകും.

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമായപ്പോഴും യുഡിഎഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്റെ അല്‍പ്പത്തരം പ്രകടമായെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ചു. നാടിന്റെ വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പ്രവര്‍ത്തിച്ചതെങ്കില്‍ അന്താരാഷ്ട്ര ലോബിയുടെയും വാണിജ്യ ലോബിയുടെയും ചട്ടുകമായി പിണറായി വിജയനും സിപിഎമ്മും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group