കണ്ണൂർ: തോട്ടട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യർഥികളുടെ ക്രൂരമർദനം. പരിചയപ്പെടാനെന്ന് പറഞ്ഞ് ശുചിമുറിയിൽ കൊണ്ടുപോയി വയറിനും കാലിനും നാഭിക്കും ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് പരാതി.
പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയായ റിത്വിനാണ് (16) മർദനമേറ്റത്. പ്ലസ് ടു വിദ്യാർഥികളായ എട്ട്പേർ ചേർന്ന് മർദിച്ചെന്നാണ് പരാതി. ഇന്നലെ രാവിലെ10.45 ഓടെയാണ് സംഭവം നടന്നത്. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞതേയുള്ളു.
സ്കൂൾ ഇന്റർവെല്ലിന്റെ സമയത്ത് നവാഗതരെ പരിചയപെടാനായി എത്തിയ സീനിയർ വിദ്യാർഥികളാണ് സ്കൂൾ ശുചിമുറിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പരിക്കേറ്റ റിത്വിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിത്വിനിന്റെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടർക്കും ആന്റി റാഗിംഗ് കമ്മിറ്റിക്കും പരാതി നൽകുമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ പറഞ്ഞു. തോട്ടട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥിരമായി റാഗിംഗ് നടക്കാറുണ്ടെന്നും അധ്യാപകർ ഒന്നും പുറത്ത് പറയാറില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
Post a Comment