കണ്ണൂർ: ബോംബെന്ന് പേടിച്ചാണ് പണിയെടുക്കുമ്പോൾ പറമ്പിൽ നിന്നും കിട്ടിയ പൊതി അവർ ദൂരേക്ക് എറിഞ്ഞത്. എന്നാൽ എറിഞ്ഞതിന്റെ ശക്തിയിൽ ആ പൊതി തുറന്ന് വന്നു. നോക്കിയപ്പോൾ ദാ കിടക്കുന്നു സ്വർണവും പതകങ്ങളും വെള്ളിനാണയങ്ങളുമൊക്കെ.
കിട്ടിയ നിധി കൂമ്പാരം കണ്ട് തൊഴിലുറപ്പ് തൊഴിലാളികളായ അവർ അമ്പരന്ന് അൽപനേരം നിന്നെങ്കിലും വൈകിയില്ല, നേരെ വിളിച്ചു പഞ്ചായത്തിലേക്ക് , പിന്നീട് പോലീസിനേയും അറിയിച്ചു.
കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി ലഭിച്ചത്. പരിപ്പായി ഗവ യുപി സ്കൂളിന് സമീപത്തെ പുതിയപുരയിൽ താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽ മഴക്കുഴിക്കുഴിക്കുമ്പോഴായിരുന്നു സംഭവം.ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 പേരാണ് പണിയെടുക്കാൻ ഉണ്ടായിരുന്നത്. ഏകദേശം ഒരു മീറ്ററോളം കുഴിയെടുത്തപ്പോഴാണ് സംശയകരമായ രീതിയിൽ പൊതി ലഭിക്കുന്നത്. കണ്ണൂരിൽ പലയിടങ്ങളിൽ നിന്നും ബോംബ് ഇത്തരത്തിൽ ലഭിച്ച വാർത്തകൾ സ്ഥിരം വായിക്കുന്നത് കൊണ്ട് തന്നെ പൊതിയും അതിനുള്ളിലെ ഓട്ടുപാത്രവും തുറക്കാൻ ആദ്യം ഒന്ന് ശങ്കിച്ച് നിന്നു. ഇത് വലിച്ചെറിഞ്ഞതോടെയാണ് നിധി പുറത്തേക്ക് തെറിച്ചത്.
17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയിൽ ഉണ്ടാകുന്നത് പോലുള്ള 4 പതക്കങ്ങൾ, 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളിനാണയങ്ങൾ എന്നിവയാണ് ഓട്ടുപാത്രത്തിൽ ഉണ്ടായിരുന്നത്. ഇവർ ഉടൻ തന്നെ ഈ വിവരം പഞ്ചായത്തിൽ അറിയിക്കുകയും പഞ്ചായത്ത് ഈ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് എത്തി ഇത് ഏറ്റുവാങ്ങി. പൊലീസ് ആഭരണങ്ങൾ കോടതിയിൽ ഹാജരാക്കി. കോടതിയുടെ കൈവശമുള്ള ഈ വസ്തുക്കൾ പുരാവസ്തു വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. പണ്ടത്തെ കാലത്ത് സ്വർണവും ആഭരണങ്ങളുമൊക്കെ സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിലാണ് നിധി ഉണ്ടായിരുന്നത്. കൊള്ളയടിക്കാതിരിക്കാൻ സൂക്ഷിച്ചതാണോ ഇതെന്നാണ് സംശയം. ആഭരണങ്ങളുടെ കാലപ്പഴക്കം കണ്ടെത്താൻ പുരാവസ്തു വകുപ്പ് ശ്രമം ആരംഭിച്ചു. നിധിയിൽ നിന്നും ലഭിച്ച സ്വർണ നാണയങ്ങളിൽ വർഷമൊന്നും രേഖപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയവ സ്വർണവും വെള്ളിയുമൊക്കെ പൂശിയതാണോയെന്നും വ്യക്തമല്ല. എന്തായാലും ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പുരാവസ്തു വകുപ്പ്.
Post a Comment