Join News @ Iritty Whats App Group

സര്‍ക്കാര്‍ നിര്‍ദേശം തള്ളി; സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങി; വലഞ്ഞ് പൊതുജനം


സര്‍ക്കാര്‍ നിര്‍ദേശം തള്ളി, സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കില്ല. വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷന്‍ വിതരണം മുടങ്ങുന്നത്.

വേതന പാക്കേജ് പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വ്യാപാരികള്‍ രാപ്പകല്‍ സമരം നടത്തുമെന്നും സമര സമിതി നേതാക്കള്‍ വ്യക്തമാക്കി്

കഴിഞ്ഞ ദിവസം റേഷന്‍ വ്യാപാരികളുടെ സംഘടനയും അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ്വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്.

സമരത്തിന് ആധാരമായി റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ജൂലൈ 4ന് റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ഭക്ഷ്യ- ധന വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ.ടി.പി.ഡി.എസ് ഓര്‍ഡറില്‍ കാലോചിതമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് വരികയാണ്.

ഇതിനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ അടിയന്തിര നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ മന്ത്രി യോഗത്തില്‍ അറിയിച്ചിരുന്നു. റേഷന്‍ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായും ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രിമാര്‍ യോഗത്തെ അറിയിച്ചു.

കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group