Join News @ Iritty Whats App Group

ഇരിട്ടിയിൽ വിവിധയിടങ്ങളിലെ മിന്നല്‍ ചുഴലിയില്‍ ഉണ്ടായത് വ്യാപക നാശം

രിട്ടി: വിവിധയിടങ്ങളിലെ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ഇരിട്ടി നഗരസഭയിലെ നേരംപോക്ക്, നരിക്കുണ്ടം മേഖലകളില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം.

മരംവീണും ഓടുകളും മേല്‍ക്കൂരയും പാറിപ്പോയും ആറോളം വീടുകള്‍ക്ക് ഭാഗികമായി നാശം നേരിട്ടു. മരങ്ങള്‍ കടപുഴകിയും പൊട്ടിയും വീണ് നിരവധി വൈദ്യുതിത്തൂണുകള്‍ തകർന്നു. നേരംപോക്ക്-നരിക്കുണ്ടം-താലൂക്ക് ആശുപത്രി റോഡിലും നരിക്കുണ്ടം-കാലൂന്നുകാട് റോഡിലും മരങ്ങള്‍ വീണും വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ച നാലോടെയാണ് സംഭവം. പുരയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, തേക്ക്, പ്ലാവ് തുടങ്ങിയവയാണ് ഏറെയും കടപുഴകിയത്. 

നേരംപോക്ക് അമ്ബലം റോഡിലെ റിട്ട. അധ്യാപകൻ പി.എൻ. കരുണാകരൻ നായരുടെ വീടിനു മുകളില്‍ രണ്ട് തെങ്ങുകളും ഒരു കവുങ്ങും വീണ് വീടിന്റെ ടെറസിലും അടുക്കള ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു. നരിക്കുണ്ടത്തെ കെ.പി. പ്രകാശൻ മാസ്റ്ററുടെ വീടിന്റെ രണ്ടാംനിലയിലെ ഒരു ഭാഗത്തെ ഓടുകള്‍ മുഴുവൻ കാറ്റില്‍ പാറിപ്പോയി. ഇതിന് സമീപത്തെ ചാത്തോത്ത് പ്രസന്നയുടെ വീടിന്റെ മേല്‍ക്കൂരയുടെ നിരവധി ഓടുകളും കാറ്റില്‍ ഇളകിവീണ് നശിച്ചു. അളോറ ശൈലജയുടെ ഓടിട്ട വീടിന് മുകളില്‍ രണ്ട് കവുങ്ങ് പൊട്ടിവീണ് വീടിന്റെ മേല്‍ക്കൂര തകർന്നു. പി.എം. രവീന്ദ്രന്റെ ഓടിട്ട വീടിന് മുകളിലേക്ക് മരങ്ങള്‍ വീണ് വീടിന്റെ അടുക്കളഭാഗം തകർന്നു. അനീഷ് പണിക്കരുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിന്റെ മുകള്‍ ഭാഗത്തെ റൂഫിങ് ഷീറ്റുകൊണ്ട് നിർമിച്ച മേല്‍ക്കൂര കാറ്റില്‍ പാറി കെട്ടിടത്തില്‍നിന്നും 50 മീറ്ററിലധികം ദൂരെയുള്ള ശ്രീപോർക്കലി ഭഗവതി കോട്ടത്തിന് സമീപം വീണു. കോട്ടത്തിന്റെ മുകളില്‍ വീഴാതെ മേല്‍ക്കൂരയുടെ ഒരു മൂലയില്‍ മാത്രം തട്ടിനിന്നതിനാല്‍ കെട്ടിടത്തിന് തകരാർ സംഭവിച്ചില്ല. 

ഇരിട്ടി പഴയ സ്റ്റാൻഡിലെ കെ.കെ ടൂറിസ്റ്റ് ഹോമിന്റെ ഉടമസ്ഥതയിലുള്ള ഷെഡിന്റെ മുകളില്‍ സമീപവാസിയുടെ പറമ്ബിലെ മരം പൊട്ടിവീണ് മേല്‍ക്കൂരക്ക് നാശമുണ്ടായി. ഇവിടെത്തന്നെ തെങ്ങ് പൊട്ടിവീണ് സ്ഥാപനത്തിന്റെ അലക്കുപുര പാടേ തകർന്നു. സമീപത്തെ ഇലക്‌ട്രിക് പോസ്റ്റും തകർന്നു. നേരംപോക്ക് നരിക്കുണ്ടം റോഡില്‍ വിവിധയിടങ്ങളിലായി മരംവീണ് അഞ്ചോളം ഇലക്‌ട്രിക് തൂണുകളും വൈദ്യുതിലൈനുകളും തകർന്നു. 

അനീഷ് പണിക്കരുടെ പറമ്ബിലെ കൂറ്റൻ തേക്കുമരം മതിലിനു മുകളിലേക്കും റോഡിലേക്കുമായി മറിഞ്ഞുവീണു. നാട്ടുകാർ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് മണിക്കൂറുകളോളം തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്. പായം കോണ്ടമ്ബ്ര തട്ടിലെ കെ.പി. പ്രമോദിന്റെ വീടിന്റെ മേല്‍ക്കൂര തകർന്നു. ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയാണ് ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തകർന്നത്. ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പടിയൂർ പുലിക്കാട്ടില്‍ ടൗണിലെ തടിക്കല്‍ ശശിധരന്റെ കട കനത്ത മഴയിലും കാറ്റിലും പൂർണമായും തകർന്നുവീണു. ചെങ്കല്ലും ആസ്ബസ്റ്റോസ് ഷീറ്റുംകൊണ്ട് നിർമിച്ച കട കുറച്ചു നാളായി പ്രവർത്തിക്കുന്നില്ലായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group