Join News @ Iritty Whats App Group

കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങളെക്കുറിച്ച് ശാസ്ത്രവിദഗ്ധര്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ വയനാട് ഇല്ല

കൊച്ചി: 2018 ലെ മഹാപ്രളയത്തിനു ശേഷം കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങളെക്കുറിച്ച് ശാസ്ത്രവിദഗ്ധര്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ വയനാട് ഇല്ലായിരുന്നു. എന്നാല്‍ ഇവിടെ അപ്രതീക്ഷിത ദുരന്തമുണ്ടായത് നടുക്കമായിരിക്കുകയാണ്. ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് 3.46 ശതമാനം അധിക ഉരുള്‍പൊട്ടല്‍സാധ്യത പഠനത്തില്‍ തെളിഞ്ഞത്.

സംസ്ഥാനത്തു പൊതുവേ 13 ശതമാനം അപകടസാധ്യതയും കണ്ടെത്തിയിരുന്നു. കുഫോസും മിഷിഗണ്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നു നടത്തിയ മണ്ണുപരിശോധനാ ഫലത്തിലാണ് കേരളം നേരിടുന്ന ഭീഷണിയുടെ ചിത്രം പുറത്തു വന്നത്. 1990 മുതല്‍ 2020 വരെയുണ്ടായ മണ്ണിടിച്ചിലുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ പഠനം. എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു പഠനം നടത്തിയത്. ഇതില്‍ അതിതീവ്ര മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ 3,575 സാമ്പിളുകള്‍ ശേഖരിച്ചാണു വിശകലനം നടത്തിയത്.

ഭൂഗര്‍ഭ ജലസ്രോതസുകള്‍ പ്രയോജനപ്പെടുത്താന്‍ ചരിവുള്ള മേഖലയില്‍ മഴക്കുഴികള്‍ കുഴിച്ചത് ഹൈറേഞ്ചിലെ മണ്ണിടിച്ചിലിനു പ്രധാന കാരണമാണ്. ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ 2010 ലെ പഠനപ്രകാരം കേരളത്തിന്റെ 14.4 ശതമാനം മേഖലകളിലാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളത്. 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല. ഇതില്‍ നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചില്‍, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പന്‍ചോല (ഇടുക്കി), ചിറ്റൂര്‍, മണ്ണാര്‍ക്കാട് (പാലക്കാട്), നിലമ്പൂര്‍, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂര്‍) താലൂക്കുകളിലാണു കൂടുതല്‍ സാധ്യത. ഇതിനുപുറമേ 25 താലൂക്കുകളും സാധ്യതാ പട്ടികയിലുണ്ട്.

വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തുമലയില്‍ 2019 ആഗസ്റ്റ് 8 നുണ്ടായ ഭീമന്‍ മണ്ണിടിച്ചിലിനു കാരണം സോയില്‍ പൈപ്പിങ്ങാണെന്നു കണ്ടെത്തിയിരുന്നു. ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുകയും നദിയൊഴുകുംപോലെ ചെറുതുരങ്കങ്ങളുണ്ടായി മേഖല ദുര്‍ബലമാകുകയും ചെയ്യുന്ന പ്രതിഭാസമാണു സോയില്‍ പൈപ്പിങ്. കോഴിക്കോട് പൈക്കാടന്‍മലയിലും സോയില്‍ പൈപ്പിങ്ങുണ്ടെന്ന് മണ്ണുസംരക്ഷണം, ജിയോളജി, സി.ഡബ്ല്യു.ആര്‍.ഡി.എം. വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ 2019 ഓഗസ്റ്റ് 14 ന് കണ്ടെത്തിയിരുന്നു.

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപത്തും നേര്യമംഗലം-തട്ടേക്കണ്ണി റോഡിനു സമീപവും ഇത്തരം തുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തില്‍ വലിയൊരു ഭാഗം സ്ഥലങ്ങളും സോയില്‍ പൈപ്പിങ് ഭീഷണിയിലാണ്. ചെറുപുഴയിലെ ചട്ടിവയലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സോയില്‍ പൈപ്പിങ് കണ്ടെത്തിയിരിക്കുന്നത്. 200 മീറ്റര്‍ വരെ നീളമുള്ള തുരങ്കങ്ങളും സോയില്‍ പൈപ്പിങ് വഴി ഉണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group