Join News @ Iritty Whats App Group

ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്...പക്ഷേ ഔദ്യോഗിക സമയത്ത് വേണ്ട ; റീല്‍സ് ചെയ്ത ജീവനക്കാരോട് മന്ത്രി ക്ഷമിച്ചു...



തിരുവല്ല: നഗരസഭയില്‍ അവധിദിനത്തില്‍ പ്രത്യേക ഡ്യൂട്ടിക്കു വന്ന ജീവനക്കാര്‍ സിനിമാഗാനത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച റീല്‍ വൈറലായി. ഇതിന് പിന്നാലെ നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും നടപടി വേണ്ടെന്നു നിര്‍ദേശിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് രംഗത്തു വന്നു.

കെട്ടിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനു കഴിഞ്ഞ ഞായറാഴ്ച പ്രത്യേക ഡ്യൂട്ടിക്കു വന്ന ജീവനക്കാരാണ് വിരസത ഒഴിവാക്കുന്നതിനു വേണ്ടി 'ദേവദുതന്‍' സിനിമയിലെ 'പൂവേ, പൂവേ പാലപ്പൂവേ' എന്ന ഗാനം പശ്ചാത്തലമാക്കി റീല്‍ ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് വൈറല്‍ ആയതോടെ നഗരസഭ സെക്രട്ടറി എട്ടു ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

സര്‍വീസ് ചട്ടങ്ങളുടെ ലംഘനം ആരോപിച്ചാണ് മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഒന്നിനാണ് മെമ്മോ നല്‍കിയത്. ഇതിനിടെ ജീവനക്കാരുടെ റീലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തു വന്നു. ഇൗ വിഷയത്തില്‍ ഇന്നലെ വൈകിട്ടാണ് മന്ത്രി എം.ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്.

മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:

'തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍നിന്നും നഗരസഭാ സെക്രട്ടറിയില്‍നിന്നും വിവരങ്ങള്‍ തേടുകയുണ്ടായി. ഇവരില്‍നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയാറാക്കിയത് എന്ന് മനസിലായി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്.

ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷേ ഒൗദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസംവരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്നു സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.

തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു.'

Post a Comment

Previous Post Next Post
Join Our Whats App Group