Join News @ Iritty Whats App Group

അനില്‍ അന്ന് പറഞ്ഞത് ഭാര്യ ഒളിച്ചോടിയെന്ന് ; കുട്ടനാട്ടി​ല്‍ വെച്ച് കാറിലിട്ടു കൊന്നു മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി ; 42 ദിവസത്തിന് ശേഷം ജയിലില്‍ നിന്നും ഇറങ്ങിയ പ്രമോദ് ആദ്യംകുടുങ്ങി


മാന്നാര്‍: കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതാണെന്ന കണ്ടെത്തലിലേക്കു നയിച്ചതു പോലീസിനു ലഭിച്ച ഉൗമക്കത്ത്. കേസില്‍ കസ്റ്റഡിയിലായ ഇരമത്തൂര്‍ കണ്ണമ്പള്ളി ഭാഗം പ്രമോദിനെ മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഭാര്യ രാധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭാര്യയുമായി അകന്നു കഴിയുന്ന പ്രമോദ് അഞ്ച് ഗുണ്ടുകളും രണ്ട് ലിറ്റര്‍ പെട്രോളുമായി തോട്ടപ്പള്ളിയിലെ ഭാര്യവീട്ടിലെത്തി രാധുവിനെ കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഇൗ കേസില്‍ 42 ദിവസത്തെ ജയില്‍വാസത്തിനുശേഷം പ്രമോദ് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. അതിന്റെ അനേ്വഷണത്തിനിടെയാണു 15 വര്‍ഷം മുമ്പ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ കുഴിച്ചു മൂടിയ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് അമ്പലപ്പുഴ എസ്.എച്ച്.ഒയ്ക്ക് രഹസ്യ വിവരം ലഭിക്കുന്നത്.

കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചെന്ന സൂചനയായിരുന്നു ഊമക്കത്തിലുള്ളത്. ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്നാണ് അനില്‍ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധനയാരംഭിച്ചു. പരിശോധിച്ച മൂന്ന് ടാങ്കുകളിലൊന്നില്‍നിന്ന് അസ്ഥികളും ഹെയര്‍ ക്ലിപ്പും ലഭിച്ചു. ഇത് കലയുടേതാണെന്ന് സംശയിക്കുന്നു. 15 വര്‍ഷം പഴക്കമുള്ളതിനാല്‍ കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാനിടയില്ലെന്നു ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാടകയ്‌ക്കെടുത്ത കാറില്‍ യാത്രചെയ്യവേ കുട്ടനാട് ഭാഗത്ത് കൊലപാതകം നടത്തിയശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്നാണു കസ്റ്റഡിയിലുള്ളവരുടെ മൊഴി. ജില്ലാ പോലീസ് മേധാവിക്ക് ഊമക്കത്ത് കൈമാറിയതോടെ കലയുടെ തിരോധാനം അമ്പലപ്പുഴ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം ആരംഭിച്ചു. തുടര്‍ന്ന് മറ്റു നാലു പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കലയെ കൊലപ്പെടുത്തി ഭര്‍ത്താവിന്റെ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടി എന്ന വിവരം ലഭിക്കുന്നത്.

അനിലിന്റെ ആദ്യഭാര്യയാണു കല. 15 വര്‍ഷം മുമ്പ് കലയെ കാണാതായതായി അനിലിന്റെ അച്ഛന്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടരന്വേഷണം നടന്നിരുന്നില്ല. നിലവില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചതായും ഭര്‍ത്താവ് അനില്‍കുമാറാണു മുഖ്യപ്രതിയെന്നു സംശയിക്കുന്നതായും എസ്.പി. പറഞ്ഞു. അനിലിന്റെ സഹോദരീഭര്‍ത്താവ് സോമരാജന്‍, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ് ശാരദാലയം, സുരേഷ്‌കുമാര്‍ എന്നിവരാണു കസ്റ്റഡിയിലുള്ളത്.

കേസില്‍ ഭര്‍തൃബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഇസ്രയേലിലുള്ള ഭര്‍ത്താവ് ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ അനില്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടരുന്നു. ഒന്നരപ്പതിറ്റാണ്ട് പഴക്കമുള്ള തിരോധാനക്കേസില്‍ മൂന്നുമാസം മുമ്പ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിനു ലഭിച്ച ഊമക്കത്താണു വഴിത്തിരിവുണ്ടാക്കിയത്. തുടര്‍ന്ന്, എസ്.പിയുടെ നിര്‍ദേശപ്രകാരം അമ്പലപ്പുഴ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group