നെയ്റോബി: 400ലേറെ അനുയായികളെ കൂട്ടക്കൊല ചെയ്ത സ്വയം പ്രഖ്യാപിത പാസ്റ്ററിനെതിരെ തീവ്രവാദക്കേസിൽ വിചാരണ ആരംഭിച്ചു. ഭീകരവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ എന്തെൻഗെ മക്കെൻസിയെ വിചാരണ ചെയ്യുന്നത്. കെനിയയിലെ മൊംബാസയിലെ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഗുഡ് ന്യൂസ് ഇൻ്റർനാഷണൽ ചർച്ച് അഥവാ ഷാക്കഹോള കൾട്ട് എന്ന പേരിൽ പോൾ എന്തെൻഗെ മക്കെൻസി ആരംഭിച്ച മതപ്രസ്താനം ലോക ശ്രദ്ധയിലെത്തുന്നത് വിശ്വാസികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു.
യേശുക്രിസ്തുവിനെ കാണിക്കാമെന്ന വാഗ്ദാനം നൽകിയ ശേഷം 400ലേറെ അനുയായികളെയാണ് പോൾ എന്തെൻഗെ മക്കെൻസി പട്ടിണിക്കിട്ട് കൊലപ്പെടുത്തി കൂട്ടക്കുഴിമാടത്തിൽ അടക്കിയത്. അനുയായികളുടെ അന്ധമായ വിശ്വാസം മുതലെടുത്തായിരുന്നു ക്രൂരത. കെനിയയിലെ മാലിന്ദിയിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് 440 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ഇതിനോടകം കണ്ടെത്തിയത്. ഷാക്കഹോള കൂട്ടക്കൊല എന്ന പേരിലാണ് സംഭവം അറിയപ്പെട്ടത്. പട്ടിണിയായിരുന്നു കൊല്ലപ്പെട്ട മരണ കാരണമെങ്കിലും കുട്ടികൾ അടക്കമള്ള പലരേയും ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും മർദ്ദിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
കൂട്ടക്കുഴിമാടത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ 191 പേർ കുട്ടികളായിരുന്നു. ഇതിൽ പലരുടേയും അവയവങ്ങൾ നീക്കം ചെയ്ത അവസ്ഥയിലുമാണ് മൃതദേഹം കണ്ടെത്തിയത്. 55 പുരുഷൻമാരെയും 40 സ്ത്രീകളേയും കൊലപാതക കുറ്റത്തിനും ആൾക്കൂട്ടക്കൊലയ്ക്കും കുട്ടികൾക്കെതിരായ അക്രമത്തിനും പാസ്റ്ററിനൊപ്പം വിചാരണ ചെയ്യുന്നുണ്ട്. 90ലേറെ പേർ പാസ്റ്ററിനെതിരെ മൊഴി നൽകുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. സ്വയം പ്രഖ്യാപിത പാസ്റ്റർ ആവുന്നതിന് മുൻപ് ടാക്സി ഡ്രൈവറായാണ് പോൾ ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ഷാക്കഹോള വനത്തിൽ പൊലീസ് പ്രവേശിച്ചതിന് പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വനത്തിലെത്താൻ വിശ്വാസികളോട് ആവശ്യപ്പെട്ട പാസ്റ്റർ ലോകാവസാനം അടുത്തതായും രൂക്ഷമായ പട്ടിണി നേരിടാൻ ഒരുങ്ങണമെന്നും വിശ്വാസികളോട് വിശദമാക്കി. ഇതിന് പിന്നാലെ ബൈബിളിലെ പേരുകളുടെ അടിസ്ഥാനത്തിൽ വിശ്വാസികളെ ചെറുഗ്രൂപ്പുകളായി തിരിച്ച് കൂട്ടക്കുഴിമാടത്തിൽ അടക്കുകയായിരുന്നു. 2003ലാണ് പോൾ ഷാക്കഹോള മതഗ്രൂപ്പ് ആരംഭിച്ചത്.
Post a Comment