Join News @ Iritty Whats App Group

കെജ്‌രിവാൾ 37 ആം പ്രതി; മദ്യനയ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയാക്കിയെന്ന് ഇഡി

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും എതിരെയുള്ള അന്വേഷണം പൂർത്തിയായതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. 22 മാസം നീണ്ടുനിന്ന അന്വേഷണത്തിൽ 18 അറസ്റ്റുകൾ, 40 പ്രതികൾക്കെതിരെ എട്ട് കുറ്റപത്രങ്ങൾ, 50 ഓളം റെയ്ഡുകളും നടന്നു. കേസിൽ കെജ്‌രിവാളും ആം ആദ്മിയും 37 ഉം 38 ഉം പ്രതികളായാണ് കുറ്റപത്രത്തിലുള്ളത്.

അന്വേഷണം പൂർത്തിയാക്കിയതിന് പിന്നാലെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകിട്ടുന്ന നടപടിയും വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഇഡി അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലിൽ 1,100 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടേണ്ടതായിട്ടുണ്ട്. കേസിൽ ഇതുവരെ 244 കോടി രൂപയുടെ സ്വത്തുക്കൾ മാത്രമാണ് ഇഡി കണ്ടുകെട്ടിയത്.

‘അരവിന്ദ് കെജ്‌രിവാളിനെയും എഎപിയെയും 37 ഉം 38 ഉം പ്രതികളാക്കി ഞങ്ങളുടെ അന്വേഷണം പൂർത്തിയായി. ഞങ്ങളുടെ സംഘം സമർപ്പിച്ച എട്ട് കുറ്റപത്രങ്ങളും കോടതി പരിഗണിക്കുകയും കുറ്റാരോപിതരായ മിക്കവർക്കും ജാമ്യം നിഷേധിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ കുറ്റകൃത്യത്തിൻ്റെ സ്വത്തുക്കൾ കണ്ടുക്കെട്ടുന്ന പ്രക്രിയയിലാണ്’- ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഇഡി രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ച സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷിക്കുന്ന അഴിമതിക്കേസിൽ അറസ്റ്റിലായതിനാൽ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group