കൊച്ചി: ഇറാന്‍ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കടത്തു കേസിന്റെ രേഖകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണ സംഘത്തിനു നെടുമ്പാശേരി പോലീസ് കൈമാറി. ഇന്നലെ നെടുമ്പാശേരി പോലീസ് സ്‌റ്റേഷനില്‍ എന്‍.ഐ.എ. അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി രേഖകള്‍ കൈപ്പറ്റുകയായിരുന്നു. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണു അന്വേഷണ രേഖകള്‍ പോലീസ് കൈമാറിയത്. അടുത്താഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാനാണു നീക്കം.
രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണു കേസ് എന്‍.ഐ.എ. കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എന്‍.ഐ.എ. കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. എന്‍.ഐ.എയുടെ രാജ്യത്തെ വിവിധ യൂണിറ്റുകള്‍ അന്വേഷണത്തില്‍ പങ്കാളിയാവും. ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബംഗ്‌ളുരു, മുംബൈ യൂണിറ്റുകളാണിവ. പ്രധാന പ്രതി ആന്ധ്ര സ്വദേശി ബെല്ലം കൊണ്ട രാംപ്രസാദിന്റെ മൊഴിപ്രകാരം ദാതാക്കളിലും സ്വീകര്‍ത്താക്കളിലും ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
എന്നാല്‍, ഇവരെയാരെയും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഇവര്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് എടുക്കാന്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ആളില്ല. മറ്റാളുകളുടെ പേരിലെടുത്ത സിംകാര്‍ഡാണിവര്‍ ഉപയോഗിച്ചിരുന്നത്. അവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍, മറ്റു വിവരങ്ങളും കണ്ടെത്താനായില്ല. അവയവദാതാക്കളെ കണ്ടെത്തുകയാണു എന്‍.ഐ.എയുടെ ആദ്യദൗത്യം. പല ടീമായി തിരിഞ്ഞു രാജ്യത്തിന്റെ വിവധഭാഗങ്ങളിലേയ്ക്കു അന്വേഷണം വ്യാപിപ്പിക്കാനാണു ഉദ്ദേശിക്കുന്നത്.
അവയവത്തട്ടിപ്പുമായി ബന്ധപ്പെട്ടു നിരവധി കേസുകള്‍ സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. സമാനസ്വഭാവമുള്ള കേസുകള്‍ കണ്ടെത്താന്‍, നെടുമ്പശേരി കേസിന്റെ വിശദാംശങ്ങള്‍ സി.ബി.ഐയ്ക്കു കൈമാറും. മുഖ്യപ്രതി ഇറാനിലുള്ള പാലാരിവട്ടം സ്വദേശി മധു ജയരാജിനെ പിടികൂടാന്‍ പോലീസ് സി.ബി.ഐ. ബ്ലൂകോര്‍നര്‍ നോട്ടീസിറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പോലീസ് കത്തു നല്‍കിയെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം നടപടിയായിരുന്നില്ല. എന്‍.ഐ.എ. ഏറ്റെടുത്തതോടെ ഇറാന്‍ കേന്ദ്രീകരിച്ച് അന്വേഷണം വേഗത്തിലാകുമെന്നാണു പ്രതീക്ഷ.
അവയവവില്‍പനയുടെ മറവില്‍ വിദേശത്തേയ്ക്കു മനുഷ്യക്കടത്തും നടന്നതായി പോലീസ് റിപ്പോര്‍ട്ടിലുണ്ട്. പോലീസ് എഫ്.ഐ.ആറില്‍ ഐ.പി.സി. വകുപ്പ് 370 ഉള്‍പ്പെടുത്തിയതോടെ എന്‍.ഐ.എ. അന്വേഷണത്തിനു പോലീസ് തന്നെ വഴിതുറക്കുകയായിരുന്നു. ഉന്നത ഏജന്‍സി അന്വേഷിക്കണമെന്നു പോലീസ് ഡി.ജി.പിയ്ക്കു റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
കേസിലെ പ്രതിയായ സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിന്റെ തലേന്നാണു കേസ് എന്‍.ഐ.എയ്ക്കു കൈമാറി വിജ്ഞാപനം ഇറക്കിയത്. തുടര്‍ന്നു ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ മെയ് 19 ന് ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അവയവ കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ തൃശൂര്‍ സ്വദേശി സാബിത്ത് നാസര്‍ അറസ്റ്റിലാകുന്നത്. വലിയ നിയമക്കുരുക്കില്ലാതെ അവയവക്കച്ചവടം നടത്താമെന്ന വാഗ്ദാനം നല്‍കിയാണിവര്‍ ഇറാനിലേക്ക് ആളുകളെ കൊണ്ടുപോയത്. സമൂഹ മാധ്യമങ്ങള്‍ വഴിയും ഇടനിലക്കാര്‍ വഴിയുമാണു ദാതാക്കളെ കണ്ടെത്തുന്നത്. ഒരു കച്ചവടത്തില്‍ നിന്നു കുറഞ്ഞതു 20 ലക്ഷം രൂപയെങ്കിലും ലാഭം സംഘത്തിനു ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നു.
Post a Comment