മേപ്പാടി > വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 200 കടന്നു. മേപ്പാടി പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ 112 പേരുടെ മൃതദേഹം എത്തിച്ചിട്ടുണ്ട്. ഇതിൽ 83 പേരെ തിരിച്ചറിഞ്ഞു. ഇന്ന് മാത്രം ഇരുപത്തിയൊന്നു പേരുടെ മൃതദേഹം എത്തിച്ചു. ഇതിൽ 12 പുരുഷന്മാരും ഒൻപത് സ്ത്രീകളും.
ചാലിയാർ പുഴയിൽ നിന്ന് ലഭിച്ച 87 പേരുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അതിൽ 46 മൃതദേഹങ്ങളും 41 മൃതദേഹാവശിഷ്ടങ്ങളുമാണ്. ഇതുവരെ നാല് പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചൂരൽമലയിൽനിന്ന് ചാലിയാറിലൂടെ പോത്തുകല്ലിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളാണിത്. ഇന്ന് മാത്രം ചാലിയാർ പുഴയിൽ നിന്ന് 14 മൃതദേഹവും 16 ശരീരഭാഗങ്ങളും ലഭിച്ചു. ഇവിടെ നിന്ന് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ചാലയാർ പുഴയിലും തീരങ്ങളിലും തിരച്ചിൽ തുടരുകയാണ്.
ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മൃതദേഹങ്ങൾ മേപ്പാടി സിഎച്ച്എസ്സിയിലേക്ക് കൊണ്ടുപോകാനാരംഭിച്ചിട്ടുണ്ട്. ഇതിനായി ഫ്രീസർ സൗകര്യത്തോടെ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. ആദ്യ 10 ആംബുലൻസുകൾ നിലമ്പൂരിൽ നിന്ന് പുറപ്പെട്ടു. ബാക്കിയുള്ള മൃതദേഹങ്ങളും ഉടൻ മേപ്പാടിയിലേക്ക് എത്തിക്കും. ഓരോ അംബുലൻസുകളിലും രണ്ടിൽ കുറയാത്ത സന്നദ്ധ വളണ്ടിയർമാർ ഉണ്ടാകും. ഒരു സി ഐ, ഒരു എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് എസ്കോട്ട് വാഹനവും, പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. പരിക്കേറ്റ് 195 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
Post a Comment