കേരളത്തില്‍ ഏറ്റവും അവസാനമായി രൂപീകരിക്കപ്പെട്ട ജില്ലയാണ് കാസർഗോഡ്. 1984 മെയ് 24 നായിരുന്നു കാസർഗോഡ് ജില്ലാ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അതുവരെ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന മഞ്ചേശ്വരം, കാസറഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ ചേർത്താണ് കാസർഗോഡ് ജില്ല രൂപീകരിക്കപ്പെട്ടത്.
കാസർഗോഡ് ജില്ലാ രൂപീകരണത്തിന് ശേഷം സംസ്ഥാനത്ത് പുതുതായി മറ്റൊരു ജില്ലയെന്ന ആവശ്യം ഇടക്കാലത്ത അത്ര ശക്തമായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ജില്ലകള്‍ക്ക് വേണ്ടിയുള്ള അവകാശവാദങ്ങള്‍ ശക്തമായിരിക്കുകയാണ്. അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികളും ഈ ആവശ്യത്തിന്റെ മുന്‍നിരയിലുണ്ടെന്നതാണ് ശ്രദ്ധേയം.
നെയ്യാറ്റിന്‍കര ജില്ല
തിരുവനന്തപുരം വിഭജിച്ച് കേരളത്തിലെ പതിനഞ്ചാമത്തെ ജില്ലയായി നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്ന് വന്നിട്ടുള്ളതാണ്. വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമായതോടെ തങ്ങളുടെ ആവശ്യം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ ആന്‍സലന്‍ ഉള്‍പ്പെടേയുള്ളവരാണ് 'നെയ്യാറ്റിന്‍കര ജില്ല' പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്.
ജില്ല രൂപീകരണ ആവശ്യവുമായി അര ലക്ഷം പേർ ഒപ്പിട്ട ഹർജി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുകയും ചെയ്തു. ഹർജി സമർപ്പിച്ചപ്പോള്‍ ജില്ലാ രൂപീകരണത്തിന് അനുകൂലമായ സമീപനമെന്ന രീതിയിലാണ് സർക്കാർ പ്രതികരിച്ചതെന്ന് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെയർമാൻ ജി ബാലകൃഷ്‌ണപിള്ള അവകാശപ്പെടുകയും ചെയ്യുന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളുടെ ഭാഗങ്ങള്‍ ചേർത്തുകൊണ്ട് വേണം പുതിയ ജില്ലയെന്നതാണ് ആവശ്യം.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്നത് നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലാണ്. ഇതിന് മാറ്റം വേണമെങ്കില്‍ പുതിയ ജില്ലാ രൂപീകരണം ആവശ്യമാണ്. അവികസിത മേഖലകളുടെ വികസനത്തിന് ജില്ലാ രൂപീകരണം ഉപകരിക്കും. തമിഴ്നാടും തെലങ്കാനയും കർണ്ണാടകയും അടക്കമുള്ള സംസ്ഥാനങ്ങളിലെ പുതിയ ജില്ല രൂപീകരണം ദാരിദ്ര്യ നിർമാർജനത്തിനും വികസനത്തിനും സഹായകരമായിട്ടുണ്ടെന്നും നെയ്യാറ്റിന്‍കര ജില്ല പ്രക്ഷോഭ വാദികള്‍ അഭിപ്രായപ്പെടുന്നു.
തിരൂർ ജില്ല
ഏറെ പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ 1969 ജൂണ്‍ അഞ്ചിനാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട് ,തിരൂർ താലൂക്കുകളും ചേർത്തായിരുന്നു പുതിയ ജില്ലാ രൂപീകരികണം.
രൂപീകരണ സമയത്ത് 14 ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യയെങ്കില്‍ ഇന്ന് അത് 45 ലക്ഷത്തിലേറെയാണ്. അതായത് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയേറിയ ജില്ല. ഈ സാഹചര്യത്തിലാണ് മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി. ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള ജില്ല കൂടിയാണ് മലപ്പുറം.
തിരൂർ കേന്ദ്രീകരിച്ചായിരിക്കണം പുതിയ ജില്ലയെന്നാണ് അവകാശവാദം. മുസ്ലിം ലീഗ്, സമസ്ത, എസ് ഡി പി ഐ, വെല്‍ഫെയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ ഈ വാദത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ പ്രക്ഷോഭത്തിന് ഇതുവരെ കൂട്ടായ പരിശ്രമങ്ങളുണ്ടായിട്ടില്ല.
മൂവാറ്റുപുഴ ജില്ല
ഹൈറേഞ്ച് മേഖലയിലാണ് അടുത്ത ജില്ലാ രൂപീകരണം ആവശ്യം. ഹൈറേഞ്ച് മേഖലയിലെ നാല് താലൂക്കുകള്‍ ഇടുക്കിയില്‍ തന്നെ നിലനിർത്തിയും തൊടുപുഴ താലൂക്കിനെ വേർപെടുത്തിയും പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, പാല എന്നിവയാണ് പുതിയ ജില്ലയുടെ ഭാഗമാകേണ്ട പ്രദേശങ്ങളെന്നാണ് അവകാശവാദം. മൂവാറ്റുപുഴ ജില്ല ആസ്ഥാനമായി മാറുകയും ചെയ്യണം.
യു ഡി എഫ് അധികാരത്തിലെത്തിയാൽ മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാക്കുമെന്ന് മുന്‍ മൂവാറ്റുപുഴ എം എല്‍ എയായിരുന്ന ജോസഫ് വാഴക്കന്‍ കഴിഞ്ഞ നിയസമഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവകാശപ്പെട്ടിരുന്നു. കൊച്ചിക്ക് പുറത്തെ കിഴക്കൻ മേഖലയിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി കേന്ദ്രമാക്കി പുതിയ കാർഷികജില്ല രൂപവത്കരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് ജില്ല രൂപവത്കരിക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Post a Comment