Join News @ Iritty Whats App Group

ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോയി ; മുണ്ടക്കൈ ദുരന്തത്തില്‍ മരണം 151 ആയി

വയനാട്: കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 151 ആയി. ഗ്രാമത്തെ ഒന്നാകെ ദുരന്തം തകര്‍ത്തു. ദുരന്തപ്രദേശത്ത് തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങളും വളര്‍ത്തുമൃഗങ്ങളും മാത്രമാണ് ബാക്കിയായത്. അനേകം വീടുകള്‍ മണ്ണിനടിയിലാണ്. പ്രദേശത്ത് മണ്ണും കല്ലും മരങ്ങളുടെ അവശിഷ്ടങ്ങളും ജീവിതം പുലര്‍ന്നിരുന്നു എന്നതിന്റെ ചുരുങ്ങിയ തെളിവുകളും മാത്രമാണ് ബാക്കിയായത്. വന്‍ മരങ്ങളെ പിഴുതെറിഞ്ഞാണ് വെള്ളം കുത്തിയൊലിച്ചത്.

കുത്തൊഴുക്കില്‍ വന്നടിഞ്ഞ മണ്ണും ചെളിയും നീക്കി കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ത്തുവേണം ഉള്ളില്‍ കുടുങ്ങിയ ജീവന്റെ തുടിപ്പുകള്‍ തേടാന്‍. ശക്തമായ മഴ ശമിച്ചിട്ടുണ്ട്്. മുണ്ടക്കൈ ജംഗ്ഷന്‍ പൂര്‍ണ്ണമായും നശിച്ച നിലയിലാണ് കടകളും വീടുകളും മറ്റും തകര്‍ന്നുപോയിരിക്കുന്നു.

രണ്ടു മലകള്‍ക്കിടയിലൂടെയാണ് ഉരുള്‍പൊട്ടി വെള്ളമൊഴുകിയത്. 600-700 മീറ്റര്‍ വീതിയില്‍ വെള്ളം ഒലിച്ചിറങ്ങിയതിന്റെ പാടുകളാണ് ദുരന്തഭൂമിയില്‍ അവശേഷിക്കുന്നത്. ഒടിഞ്ഞതും പിഴുതെറിഞ്ഞതുമായ മരങ്ങളുടെ അവശിഷ്ടങ്ങളുമാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തകര്‍ന്നതും മണ്ണിനടിയിലായിപ്പോയതുമായ വീടുകള്‍ക്കുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. പൂര്‍ണ്ണമായും മണ്ണും ചെളിയും പുതഞ്ഞ നിലയിലാണ് ദുരന്തഭൂമി. ഒരു വീട്ടില മൂന്ന് പേരുടെ മൃതദേഹം തകര്‍ന്ന വീടിനുള്ളില്‍ കിടക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യം ഇപ്പോള്‍ എത്തിയിട്ടുണ്ട്.

കോണ്‍ക്രീറ്റ് വീടുകള്‍ ഇരുന്നുപോയ അവസ്ഥയിലാണ്. പടുകൂറ്റന്‍ ഉരുളന്‍പാറകളും ദുരന്തഭൂമിയില്‍ അവശേഷിച്ചിട്ടുണ്ട്്. മുണ്ടക്കൈ അങ്ങാടിയെയും ചൂരല്‍മലയെയും ഒന്നാകെ തകര്‍ത്തുകൊണ്ടാണ് വെള്ളം ഒഴുകിയിറങ്ങിപ്പോയത്. വീട്ടുപകരണങ്ങള്‍, പാചകവാതക സിലിണ്ടറുകള്‍, ചക്രക്കസേര, പാത്രങ്ങള്‍, പ്ലാസ്റ്റിക് കസേരകള്‍ എന്നിവയെല്ലാം ചിതറിക്കിടക്കുകയാണ്. വീടിന്റെ മുകള്‍ഭാഗത്തെ സ്‌ളാബുകളും മണ്ണിനടിയില്‍ കാണാനാകുന്നുണ്ട്. ഇനിയും 96 പേരെ കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിവരമെങ്കിലും 211 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് ബന്്ധുക്കളില്‍ നിന്നും കിട്ടുന്ന വിവരം. ഇന്ന് മണ്ണുനീക്കിയുള്ള തെരച്ചിലിനായി സൈന്യം ദുരന്തഭൂമിയില്‍ എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group