Join News @ Iritty Whats App Group

അരുണാചലിൽ ബിജെപി മുന്നിൽ, സിക്കിമിൽ എസ്കെഎം മുന്നേറ്റം: വോട്ടെണ്ണൽ പുരോഗമിക്കുന്നു


ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വേട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രാവിലെ 6 മണിക്കാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണൽ പുരോഗമിക്കവേ അരുണാചലിൽ ബിജെപി 31 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. സിക്കിമിൽ എസ്കെഎം 17 സീറ്റുകളിൽ മുന്നേറുന്നു.വാശിയേറിയ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പിനാണ് രണ്ട് സംസ്ഥാനങ്ങളും ഈപ്രവശ്യം സാക്ഷ്യം വഹിച്ചത്.

അരുണാചല്‍ പ്രദേശില്‍ ബിജെപി തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്.മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും അടക്കം പത്ത് പേര് എതിരില്ലാതെ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടു എന്നത് ബിജെപി ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്. 60 നിയമസഭ മണ്ഡലങ്ങളാണ് അരുണാചല്‍ പ്രദേശില്‍ ഉള്ളത്.

32 മണ്ഡലങ്ങളുള്ള സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം.നിലവില്‍ ഭരണം സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ കൈയ്യിലാണ്. ഇത് തിരിച്ചു പിടിക്കാനാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ശ്രമം. വലിയ ശക്തികള്‍ അല്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരംഗത്തുണ്ട്.

മുഖ്യമന്ത്രി പ്രേം സിങ് തമാങിന്റെ നേതൃത്വത്തിലായിരുന്നു സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ ഭരണം നിലനിര്‍ത്താനുള്ള പോരാട്ടം. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിംഗിന്റെ നേതൃത്വത്തിലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാനം തിരിച്ച് പിടിക്കാന്‍ രംഗത്തുള്ളത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group