ചങ്ങനാശേരി: സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ കാല്‍വഴുതി വീണ് മുങ്ങിമരിച്ചു. മാടപ്പള്ളി അഴകാത്തുപടി പൊന്പുഴക്കുന്ന് പുതുപ്പറമ്പില്‍ പരേതനായ അനീഷിന്റെയും ആശാമോളുടെയും മകന് ആദര്‍ശ് (15), ആശാമോളുടെ സഹോദരി മാങ്ങാനം മാധവശേരില്‍ ആനീസിന്റെ മകന് അഭിനവ് (11) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു 12ന് തൃക്കൊടിത്താനം ചെമ്പുമ്പുറം ഭാഗത്തുള്ള പാറക്കുളത്തിലായിരുന്നു അപകടം.ഇരുവരും മറ്റു രണ്ട് കുട്ടികൾക്കൊപ്പം പാറക്കുളത്തിനടുത്തെത്തി കുളത്തിലെ മത്സ്യങ്ങളെ നോക്കിനിൽക്കുമ്പോൾ അഭിനവ് കാല് വഴുതി വെള്ളത്തില്‍ വീണു. രക്ഷിക്കാനായി ആദര്‍ശ് കുളത്തിലേക്കു ചാടിയതോടെ മുങ്ങിത്താഴുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതോടെ തൃക്കൊടിത്താനം പോലീസും ചങ്ങനാശേരിയില്‍നിന്നുള്ള അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ആദർശ് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും അഭിനവ് കോട്ടയം ഹോളി ഫാമിലി ഹൈസ്കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയുമാണ്.
ആദര്‍ശിന്റെ അച്ഛൻ അനീഷ് അഞ്ചുവര്‍ഷം മുമ്പ് അർ ബുദം ബാധിച്ച് മരിച്ചിരുന്നു. ആദര്‍ശിന്റെ സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍.
അഭിനവിന്റെ മൃതദേഹം പുതുപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം നാളെ പുതുപ്പള്ളി സെന്റ് പീറ്റര്‍ ആംഗ്ലിക്കന്‍ പള്ളിയില്‍.
Post a Comment