റിയാദ്: ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിയ 20 ലക്ഷത്തിലേറെ ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനത്ത് ഒരുക്കങ്ങൾ നേരത്തെ പൂർത്തിയായിരുന്നു ഹജ്ജിന്റെ പരമപ്രധാന ചടങ്ങാണ് അറഫാ സംഗമം. ലോക മുസ്‌ലീങ്ങളുടെ പ്രതിനിധികളായാണ് തീർഥാടകർ അറഫയിൽ ഒരുമിച്ചുകൂടുന്നത്.
നമിറാ പള്ളിയിൽ ശനിയാഴ്ച ഉച്ചക്ക് അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ചത്. വെള്ളിയാഴ്ച്ച രാത്രി തന്നെ ലോകത്തിന്റെ നാനാദിക്കിൽ നിന്നെത്തി മിനാ താഴ്വരയിൽ തങ്ങിയ തീർഥാടക ലക്ഷങ്ങൾ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. മധ്യാഹ്ന൦ മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്ര പ്രാധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.
മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ് അൽമുഹൈഖ്ലിയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിച്ചത്. മലയാളമുൾപ്പടെ 50 ലോക ഭാഷകളിൽ ഇത് വിവർത്തനം ചെയ്യപ്പെട്ടു. തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും. ഇത്തവണ ഫലസ്തീൻ ഉൾപ്പടെ നീറുന്ന പ്രശനങ്ങൾ വിശ്വാസികളുടെ പ്രാർഥനകളിൽ ഇടംപിടിക്കും.
വെളിയാഴ്ച രാത്രി മുതൽ അറഫയിലേക്ക് ആരംഭിച്ച തീർഥാടക പ്രവാഹം ശനിയാഴ്ച ഉച്ചവരെ നീണ്ടു. ഈ സമയം ഭക്ഷണം ഉപേക്ഷിച്ച് വ്രതമെടുക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികൾ ഹജ്ജിനോട് ഐക്യപ്പെടുകയാണ്. മനമുരുകുന്ന പ്രാർഥനയുടേതാണ് ഈ ദിനം. സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.
Post a Comment