ദില്ലി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്ലിന്‍റെ പേരില്‍ നിരവധി മെസേജുകള്‍ നമ്മുടെ ഫോണുകളിലേക്ക് എത്താറുണ്ട്. കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ സിംകാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും എന്ന സന്ദേശം പലര്‍ക്കും ലഭിച്ചുകാണും. എന്ത് ഇതിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം.
പ്രചാരണം
'പ്രിയപ്പെട്ട ഉപഭോക്താവേ, ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിങ്ങളുടെ കെവൈസി സസ്‌പെന്‍ഡ് ചെയ്‌തിരിക്കുകയാണ്. നിങ്ങളുടെ സിം കാര്‍ഡ് 24 മണിക്കൂറിനകം ബ്ലോക്ക് ആവും. അതിനാല്‍ ഉടനടി വിളിക്കുക. നിങ്ങളുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യും മുമ്പ് സര്‍വീസ് സേവനദാതാവിനെ സമീപിക്കുക'- എന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ സഹായിക്കുന്ന എക്‌സിക്യുട്ടീവിന്‍റെ നമ്പറും ഇതിനൊപ്പം നല്‍കിയിരിക്കുന്നതായി കാണാം. ബിഎസ്എന്‍എല്‍ പുറത്തിറക്കിയത് എന്ന രീതിയില്‍ ബിഎസ്‌എന്‍എല്ലിന്‍റെത് എന്ന് തോന്നിക്കുന്ന ലെറ്റര്‍പാഡിലാണ് നോട്ടീസ് പ്രചരിക്കുന്നത്. ബിഎസ്എന്‍എല്ലിനൊപ്പം ട്രായ്‌യുടെ ലോഗോയും കത്തില്‍ കാണാം.
വസ്‌തുത
കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ 24 മണിക്കൂറിനകം സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും എന്ന പ്രചാരണം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണ്, ബിഎസ്‌എന്‍എല്‍ ഒരിക്കലും ഇത്തരം നോട്ടീസുകള്‍ പുറത്തിറക്കാറില്ല എന്നും പിഐബിയുടെ ട്വീറ്റിലുണ്ട്. ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തിലുള്ള സന്ദേശം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
Post a Comment