തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരിസരത്ത് ലഹരിക്കെതിരേ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ എക്സൈസ് ഏർപ്പെടുത്തിയതായി എക്സൈസ് മന്ത്രി എം.ബി.രാജേഷ് .
സ്കൂൾ പരിസരത്തുനിന്ന് ലഹരി മാഫിയയെ അകറ്റിനിർത്താൻ ആവശ്യമായ വിവിധ നടപടികളാണ് എക്സൈസ് സ്വീകരിച്ചത്. അധ്യയന വർഷത്തിലുടനീളം പ്രവർത്തനം തുടരുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം ഹൈക്കോടതി ജഡ്ജിമാരുടെ അധ്യക്ഷതയിൽ ചേർന്ന റീജണൽ ജ്യൂഡീഷൽ കൊളോക്യം നിർദേശിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ എക്സൈസ് സേന തയാറാക്കി നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസം, വനിതാ ശിശുവികസനം, സാമൂഹ്യ നീതി, പോലീസ്, മെഡിക്കൽ എഡ്യൂക്കേഷൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവർക്കൊപ്പം ഈ എസ്ഒപി നടപ്പിലാക്കാനാവശ്യമായ നേതൃപരമായ ഇടപെടൽ എക്സൈസ് വകുപ്പിൽനിന്നുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.കുട്ടികൾ മയക്കുമരുന്നിന്റെ കെണിയിൽ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹമാകെ പുലർത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.
അധ്യാപകർ, പി ടി എ, വിദ്യാർഥി സംഘടനകൾ, വിവിധ ക്ലബ്ബുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് തുടങ്ങി വിവിധ സംഘടനകൾക്കും ശ്രദ്ധേയമായ പങ്ക് ഇക്കാര്യത്തിൽ വഹിക്കാനാവും. വിദ്യാർഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്താനുള്ള സർക്കാരിന്റെ ഇടപെടലുകൾക്കൊപ്പം അണിനിരക്കാൻ ഏവരും തയാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
Post a Comment